തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുകയാണ്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവർ ചിത്രത്തില്‍ കാമിയോ റോളുകളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ഇന്ന് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. നടൻ മോഹൻലാലും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലർ ലോഞ്ചിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
നടൻ മോഹൻ ബാബുവിനെ ചേർത്തുനിർത്തികൊണ്ട് അദ്ദേഹം നായകനായും താൻ വില്ലനായും ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് മോഹൻലാൽ. താൻ കണ്ടതിൽ ഏറ്റവും സ്വീറ്റായിട്ടുള്ള ആളാണ് മോഹൻ ബാബുവെന്നും മോഹൻലാൽ പറയുന്നുണ്ട്. ‘ഞാൻ കണ്ടതിൽ ഏറ്റവും സ്വീറ്റായിട്ടുള്ള ആളാണ് അദ്ദേഹം. 560 സിനിമ ചെയ്ത അദ്ദേഹം എന്നോട് വന്ന് ഒരു സിനിമ തരുമോയെന്ന് ചോദിക്കുകയാണ്. അതും വില്ലനായിട്ട് അഭിനയിക്കണമെന്ന്. തീർച്ചയായിട്ടും എനിക്ക് അങ്ങനെയൊരു ഭാഗ്യം ഉണ്ടാകട്ടെ. അടുത്തുതന്നെ ഏതെങ്കിലും ഒരു സിനിമയിൽ നമുക്ക് ഒന്നിക്കാം’, മോഹൻലാൽ പറഞ്ഞു. മോഹൻ ബാബുവിനെ നോക്കി ‘സാർ നീങ്ക ഹീറോ നാൻ വില്ലൻ’ എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയിൽ കാണാം.
നടൻ മോഹൻ ബാബു ഉടൻ തന്നെ മോഹൻലാലിന് മറുപടി നൽകുന്നുണ്ട്. ഒരു മോഹൻലാൽ സിനിമയിൽ വില്ലനായി അഭിനയിക്കണം എന്നാണ് മോഹൻ ബാബു പറഞ്ഞത്. തീർച്ചയായി അങ്ങനെ സംഭവിക്കട്ടെ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ഒപ്പം ആന്റണി പെരുമ്പാവൂരിനെ നോക്കി ഒരു തംബ്സ് അപ്പും മോഹൻലാൽ നൽകുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരു വിഷ്വൽ ട്രീറ്റ് ആകും കണ്ണപ്പയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മോഹൻലാലിനെയും പ്രഭാസിനെയും അക്ഷയ് കുമാറിനെയും ട്രെയ്‌ലറിൽ കാണിക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസറിൽ നിന്ന് ട്രെയ്‌ലർ മികച്ച നിൽക്കുന്നെന്ന അഭിപ്രായമാണ് റിലീസിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.