മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ റീ റിലീസ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. കേരളത്തിനപ്പുറവും മോഹൻലാലിനെ ഹൈദരാബാദിലും ആഘോഷിക്കുകയാണ്. സിനിമ ഹൈദരാബാദിലെ തിയേറ്ററിൽ ആരാധകർ കൊണ്ടാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഹൈദരാബാദിലെ അപർണ സിനിമാസിൽ മൂന്ന് ഫാൻസ് ഷോസ് ആണ് മോഹൻലാൽ ആരാധകർ സംഘടിപ്പിച്ചത്. ആദ്യ ദിനം രാത്രി 8 മണിക്കും 11 മണിക്കും രണ്ടാം ദിവസം രാവിലെ 10.30 നുമാണ് ഫാൻസ് ഷോകൾ സംഘടിപ്പിച്ചത്. വമ്പൻ സ്വീകാര്യതയാണ് ഈ മൂന്ന് ഷോകൾക്കും ലഭിച്ചത്. തിയേറ്ററിൽ എത്തി ഒരാഴ്ച പിന്നിടുമ്പോഴും സിനിമയുടെ സ്വീകാര്യതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ല. മൂന്ന് കോടി കടന്നിരിക്കുകയാണ് സിനിമയുടെ കളക്ഷൻ. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
ജനപ്രീതി കണക്കിലെടുത്ത് സിനിമയുടെ ഷോകളും സ്‌ക്രീനുകളും ഇനിയും ഉയരാനാണ് സാധ്യത. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന് തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.