അജയ് ദേവ്ഗൺ നായകനായി എത്തി അശ്വിനി ധിർ സംവിധാനം ചെയ്ത കോമഡി ആക്ഷൻ സിനിമയായിരുന്നു സൺ ഓഫ് സർദാർ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത് സുനിൽ നായകനായി എത്തിയ മര്യാദ രാമണ്ണ എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു സൺ ഓഫ് സർദാർ. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്.
രണ്ട് ടാങ്കറുകൾക്ക് മുകളിൽ മീശ പിരിച്ചുകൊണ്ട് നിൽക്കുന്ന അജയ് ദേവ്ഗണിനെയാണ് ഫസ്റ്റ് ലുക്കിൽ കാണാനാകുന്നത്. ദി റിട്ടേൺ ഓഫ് സർദാർ എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചത്. വമ്പൻ ബജറ്റിൽ ആക്ഷൻ കോമഡി ഴോണറിലാണ് സിനിമയൊരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി അല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ ആയിട്ടാണ് സൺ ഓഫ് സർദാർ 2 ഒരുങ്ങുന്നത്. മൃണാൾ താക്കൂർ ആണ് സിനിമയിലെ നായിക. ചിത്രം ജൂലൈ 25 ന് പുറത്തിറങ്ങും. സിനിമയുടെ ടീസർ ജൂൺ 24 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
എഡിൻബർഗ്, ലണ്ടൻ, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. അടുത്തിടെ അന്തരിച്ച നടൻ മുകുൾ ദേവിന്റെ അവസാന ചിത്രം കൂടിയാണ് സൺ ഓഫ് സർദാർ. അജയ് ദേവ്ഗൺ, ജ്യോതി ദേശ്പാണ്ഡെ, എൻ ആർ പച്ചിസി, പ്രവീൺ തൽരേജ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം. നിരവധി സിനിമകൾക്ക് ഛായാഗ്രാഹകനായി പ്രവർത്തിച്ച വിജയ് കുമാർ അറോറയാണ് ഈ രണ്ടാം ഭാഗം ഒരുക്കുന്നത്. ആദ്യ ഭാഗത്തിൽ സൽമാൻ ഖാൻ അഥിതി വേഷത്തിൽ എത്തിയിരുന്നു. സോനാക്ഷി സിൻഹയായിരുന്നു ആദ്യ ഭാഗത്തിൽ നായികയായി എത്തുന്നത്. സഞ്ജയ് മിശ്ര, രവി കിഷൻ, സഞ്ജയ് ദത്ത് തുടങ്ങിയവരും ഈ രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യ ഭാഗം രാജമൗലി സിനിമയുടെ റീമേക്ക് ആയതിനാൽ ഈ രണ്ടാം ഭാഗം ഏത് സൗത്ത് സിനിമയുടെ റീമേക്ക് എന്നാണ് സിനിമാപ്രേമികൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.