NewsTelugu

നാഗചൈതന്യയുമായി ആ ചിത്രം പ്രൊമോട്ട് ചെയ്യാൻ ഉദ്ദേശമില്ല; സാമന്ത

തെന്നിന്ത്യന്‍ നായിക സാമന്തയെയും നാഗചൈതന്യയെയും വീണ്ടും ഒരുമിച്ച് സ്ക്രീനില്‍ കാണാന്‍ അവസരമൊരുങ്ങുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച യേ മായ ചേസവേ എന്ന തെലുങ്ക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. 15 വര്‍ഷം മുന്‍പ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം ജൂലൈ 18നാണ് റീ റിലീസിനൊരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷനായി നാഗചൈതന്യയും സാമന്തയും ഒരുമിച്ചെത്തും എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ ഉയർന്നിരുന്നു. എന്നാലിപ്പോൾ അതിൽ പ്രതികരിക്കുകയാണ് നടി സാമന്ത.

നാഗചൈതന്യയുമായി ചിത്രം പ്രൊമോട്ട് ചെയ്യാൻ തനിക്ക് ഒരു ഉദ്ദേശവുമില്ലെന്ന് സാമന്ത പറഞ്ഞു. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കൊത്ത് നമുക്ക് ജീവിതം നയിക്കാൻ കഴിയില്ലെന്നും ബോളിവുഡ് ഹങ്കാമയോട് സാമന്ത പറഞ്ഞു. ‘ഇല്ല, ഞാൻ ആരുമായും യേ മായ ചേസവേ പ്രൊമോട്ട് ചെയ്യുന്നില്ല. വാസ്തവത്തിൽ, ഞാൻ സിനിമയെ പ്രൊമോട്ട് ചെയ്യാനേ ഉദ്ദേശിക്കുന്നില്ല. ഈ വാർത്ത എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ സിനിമയുടെ ആരാധകർക്ക് സിനിമയിലെ പ്രധാന ജോഡിയെ ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കനുസരിച്ച് നമുക്ക് ജീവിതം നയിക്കാൻ കഴിയില്ല’, സാമന്തയുടെ വാക്കുകൾ.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. സിമ്പുവും തൃഷയും അഭിനയിച്ച തമിഴ് സിനിമയില്‍ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു. എ ആര്‍ റഹ്‌മാന്റെ സംഗീതവും കാര്‍ത്തിക്- ജെസ്സി പ്രണയകഥയും ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. എക്കാലത്തെയും പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ എക്‌സില്‍ കുറിക്കുന്നത്.

യേ മായ ചേസവേ എന്ന ചിത്രത്തിലാണ് സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ സെറ്റുകളില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. ഇതിന് ശേഷം ഓട്ടോനഗര്‍ സൂര്യ, മനം, മജിലി, മഹാനടി തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2021 ഒക്ടോബറിലായിരുന്നു താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ ജീവിതം നിയമപരമായി വേര്‍പിരിഞ്ഞത്. തെന്നിന്ത്യന്‍ സിനിമാ ലേകത്തേയും ആരാധകരേയും ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഇവരുടേത്. നാലാം വിവാഹ വാര്‍ഷികത്തോട് അടുക്കുമ്പോഴാണ് വേര്‍പിരിയുന്ന കാര്യം വെളിപ്പെടുത്തിയത്. സാമന്തയുമായി വിവാഹമോചനം നേടിയ നാഗചൈതന്യ പിന്നീട് തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ വിവാഹം ചെയ്യുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button