ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം വിജയ് അഭിനയം നിർത്തുകയാണെന്ന അപ്ഡേറ്റ് നടൻ നേരത്തെ പങ്കുവെച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായതിനാൽ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകൾ ഉണ്ട്. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന തീരുമാനത്തിൽ എത്തിയെങ്കിലും നടൻ സിനിമയിൽ തന്നെ തുടരണമെന്നാണ് ആരാധകരുടെ ആവശ്യം. ഇപ്പോഴിതാ ജനനായകന് ശേഷം വിജയ് അഭിനയത്തിൽ തുടരുമോ എന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടി മമിത ബൈജു.
ജനനായകന് ശേഷം അഭിനയം തുടരുമോ എന്ന് വിജയ് സാറിനോട് താൻ നേരിട്ട് ചോദിച്ചിരുന്നെന്നും എന്നാൽ അത് ഇലക്ഷൻ്റെ റിസൾട്ട് അനുസരിച്ച് ഇരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും മമിത പറഞ്ഞു. ‘ജനനായകൻ കഴിഞ്ഞ് ഞാൻ വിജയ് സാറിനോട് ഇത് അവസാന സിനിമ ആയിരിക്കുമോ എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്ന് നേരിട്ട് ചോദിച്ചിരുന്നു. എനിക്കറിയില്ല, ഇലക്ഷൻ്റെ റിസൾട്ട് അനുസരിച്ച് ഇരിക്കും എന്നാണ് പറഞ്ഞത്. സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ ഒക്കെ വിജയ് സാറുമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര ഇമോഷണലായി. കൂടെ നിൽക്കുന്നവരും ഇമോഷണലായി. ആരുടെ കൂടെയും ഫോട്ടോ എടുക്കാൻ വിജയ് സാർ നിന്നില്ല കാരണം ആളും ഇമോഷണൽ ആയിപോയി’, മമിതയുടെ വാക്കുകൾ.
ചിത്രത്തിൽ നടി ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ടീസർ ഇന്ന് വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ‘എൻ നെഞ്ചിൽ കുടിയിരിക്കും’ എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. 2026 ജനുവരി 9 ആണ് ‘ജനനായകൻ’ തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.