മോഹൻലാൽ എന്ന പേര് മലയാളികൾക്ക് എന്നും ഒരു ആഘോഷമാണ്. കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും മലയാളികൾ മോഹൻലാലിനെ വിട്ടു കളയില്ല. ഉറപ്പായും അദ്ദേഹം മികച്ച ചിത്രങ്ങളിലൂടെ വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷ കൈവിടാതെ ആരാധകർ കാത്തിരിക്കും. കഴിഞ്ഞ വർഷം മോഹൻലാൽ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. എന്നാൽ 2025 ലൂടെ ലാലേട്ടൻ ആ ക്ഷീണം തീർക്കുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ കാണുന്നത്. റെക്കോർഡുകൾ ഇടാനും പൊട്ടിക്കാനും അദ്ദേഹം തന്നെ ഇറങ്ങണം എന്ന് പറയുന്നത് വെറുതെ അല്ല, ഈ വർഷം എത്തിയ മൂന്ന് മോഹൻലാൽ സിനിമകൾ ചേര്‍ന്ന്
പൃഥ്വിരാജ് സംവിധാനത്തിലെത്തിയ എമ്പുരാനാണ് മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ ചിത്രം. 260 കോടിയ്ക്ക് മുകളിൽ സിനിമ തിയേറ്ററിൽ നിന്ന് സ്വന്തമാക്കിയിരുന്നു. പിന്നീട് എത്തിയ തരുൺ മൂർത്തി ചിത്രവും 200 കോടിയ്ക്ക് മുകളിൽ തിയേറ്ററിൽ നേടിയിട്ടുണ്ട്. ഇതിൽ 100 കോടിയ്ക്ക് മുകളില്‍ കേരളത്തിൽ നിന്ന് മാത്രമുള്ള കളക്ഷൻ നേടിയിട്ടുണ്ട്. എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്‍റെ ഛോട്ടാ മുംബൈ ആണ് തിയേറ്ററിൽ റീ റിലീസായി എത്തിയത്. ഇതുവരെ മലയാള സിനിമ കണ്ട റീ റിലീസ് സിനിമാ എക്സ്പീരിയൻസുകളെ കടത്തി വെട്ടുകയാണ് ചിത്രം. ആദ്യ ദിനം 40 ലക്ഷം നേടിയ സിനിമ രണ്ടാം ദിനത്തിൽ 75 ലക്ഷത്തിലധികം രൂപയാണ് നേടിയത്. വരും ദിവസങ്ങളും സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത. ഇവയെല്ലാം ചേര്‍ത്താണ് മോഹന്‍ലാല്‍ 500 കോടി ഗ്രോസ് കളക്ഷനെന്ന നാഴികക്കല്ല് താണ്ടിയിരിക്കുന്നത്.
2024ല്‍ മോഹൻലാലിന്റെ രണ്ട് ചിത്രങ്ങളാണ് തിയേറ്ററിൽ എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തിയ മലൈക്കോട്ടൈ വാലിബനും മോഹൻലാലിന്റെ ആദ്യ സംവിധാനമായ ബറോസും. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തകർന്നടിയുകയായിരുന്നു. എന്നാല്‍ മലയാള സിനിമ കഴിഞ്ഞ വര്‍ഷം വലിയ നേട്ടങ്ങളാണ് കളക്ഷനില്‍ താണ്ടിയിരുന്നത്. കണ്ടന്‍റിലെ മികവിനൊപ്പം കോടികിലുക്കവും മലയാളത്തിലെ നിരവധി ചിത്രങ്ങളെ തേടിയെത്തിയിരുന്നു. നിരവധി താരങ്ങള്‍ നൂറ് കോടി ക്ലബിലും 200 കോടി ക്ലബിലും ഇടം നേടുകയും ചെയ്തു. ഇതിന് പിന്നാലെ എവിടെ പോയി മോഹൻലാൽ എന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഈ വര്‍ഷം തിയേറ്ററിൽ കാണുന്നതെന്ന് ലാലേട്ടന്‍ ആരാധകര്‍ ആവേശപൂര്‍വം പറയുകയാണ് ഇപ്പോള്‍.