മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടി മുന്നിട്ടു നിൽക്കുന്ന എമ്പുരാനിൽ വൻതാര നിര തന്നെയുണ്ട്. എന്നാൽ സ്ക്രീൻ ടൈം കുറവായതിൻ്റെ പേരിൽ ട്രോളുകളിലൂടെ ഏറെ കളിയാക്കലുകൾ നേരിടുകയാണ് മണിക്കുട്ടൻ. അത്തരത്തിലൊരു ട്രോൾ വീഡിയോ പങ്കുവച്ച് തന്നെ കളിയാക്കിയവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലുകളും മറികടന്ന് ഇവിടെ വരെ എത്താൻ സാധിക്കുമെങ്കിൽ ഇനിയും മുന്നോട്ട് പോകും എന്നാണ് മണിക്കുട്ടൻ കുറിച്ചിരിക്കുന്നത്.
മലയാളത്തിലെ അത്രയധികം കളക്ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണ്, ആ ആഗ്രഹത്തിന്റെ ആത്‍മസമർപ്പണമാണ് എനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും. വലിയ അഭിനേതാവാണ് എന്നൊന്നും ഒരിക്കലും ഞാൻ അവകാശപ്പെടില്ല, എപ്പോഴും പറയുന്നതു പോലെ ഇപ്പോഴും ഞാൻ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അഭിനയം പഠിച്ചുകൊണ്ടിരിക്കുക തന്നെയാണ്.”
പലവിധത്തിലുള്ള അടിച്ചമർത്തലുകളും കളിയാക്കലും മറികടന്ന് ഇവിടെ വരെ എത്താമെങ്കിൽ ഇനി മുന്നോട്ടു പോകാനും സാധിക്കും എന്ന് വിശ്വസിക്കുന്നു. സിനിമയിൽ എന്നെ ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന സിനിമാ പ്രവർത്തകരും പ്രിയപ്പെട്ട പ്രേക്ഷകരുമാണ് എൻ്റെ ഊർജം, എൻ്റെ വിശ്വാസം അത് എന്നും നിലനിൽക്കുക തന്നെ ചെയ്യും. ഒരു ഓർമപ്പെടുത്തൽ ആണ്, തീയിൽ കുരുത്തവനാ വെയിലത്ത് വാടില്ല ”എന്നാണ് മണിക്കുട്ടൻ കുറിപ്പിൽ പറയുന്നത്. ട്രോൾ വരുന്നുണ്ടെങ്കിൽ അതിനർത്ഥം പടം മികച്ചതായി എന്നാണ്. ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയതു കൊണ്ടാണ് ഇത്തരം പോസ്റ്റുകൾ വരുന്നത് തുടങ്ങി മണിക്കുട്ടനെ അനുകൂലിച്ചും ആരാധകർ കമൻ്റുകളുമായി എത്തുന്നുണ്ട്.