പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവൽ’. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഡേറ്റിനെ സംബന്ധിച്ചുള്ള സൂചനകൾ പുറത്തുവരുകയാണ്. ചിത്രം ജൂൺ ആദ്യ വാരം പ്രദർശനത്തിനെത്തും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ നോർത്ത് അമേരിക്കൻ പ്രൊമോഷനുകൾ ആരംഭിച്ചിട്ടുണ്ട്.
ഇവിടെ നിന്നും പ്രചരിക്കുന്ന ചില ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം ജൂണിൽ എത്തുമെന്ന സൂചനകൾ പുറത്തുവരുന്നത്. ഇതിൽ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും പ്രഖ്യാപനമൊന്നും വന്നിട്ടില്ല. ‘നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷനൽ സ്വഭാവത്തിലാണ് കഥ പറയുന്നത്’, എന്നാണ് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിനോട് മുൻപ് പറഞ്ഞത്.
ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനായകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ‘മമ്മൂക്കയുടേത് എന്ന പോലെ വിനായകൻ ചേട്ടനും ഇതിന് മുന്നേ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അത്യാവശ്യം ഇൻവോൾവ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ഓൺ ആയപ്പോൾ ഈ കഥാപാത്രം ആര് ചെയ്യണം എന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നു. അപ്പോൾ മമ്മൂക്ക തന്നെയാണ് വിനായകൻ ചേട്ടനെ സജസ്റ്റ് ചെയ്തത്’, ജിതിൻ കൂട്ടിച്ചേർത്തു.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം. നാഗര്‍കോവില്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.