പ്രേക്ഷകർക്കിടയിൽ ആരാധകർ ഏറെയുള്ള സംഗീത സംവിധയകനാണ് അനിരുദ്ധ് രവിചന്ദർ. 2012 ൽ ഐശ്വര്യ രജനികാന്ത് സംവിധനത്തിൽ ധനുഷ് നായകനായ ത്രീ എന്ന സിനിമയിലൂടെയാണ് അനിരുദ്ധ് സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്. ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം അക്കാലത്ത് വലിയ രീതിയിൽ വൈറലായിരുന്നു. പക്ഷെ പാട്ടുകൾ ഹിറ്റായ ചിത്രം തിയേറ്ററിൽ പരാജപെട്ടതിന്റെ കാരണം അറിയില്ലെന്നും ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും പറയുകയാണ് അനിരുദ്ധ്.
‘ത്രീ സിനിമയിലെ പാട്ടുകൾ എല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. എല്ലായിടത്തും ആ സിനിമയിലെ പാട്ടുകളെക്കുറിച്ചായിരുന്നു സംസാരം. അന്ന് വൈറൽ എന്ന വാക്കൊന്നും ഇല്ല. പക്ഷെ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ അത്ര വർക്കായില്ല. എനിക്ക് അതൊരു മെന്റൽ ഷോക്ക് ആയിരുന്നു. ഞാൻ ഉദ്ദേശിക്കുന്നത് ഡിപ്രെഷൻ ആയി എന്നല്ല. പക്ഷെ അത്രയും ചർച്ചയായ പാട്ടുകൾ ഉള്ള ചിത്രം എന്തുകൊണ്ട് ഫ്ലോപ്പ് ആയി എന്ന് എനിക്ക് മനസിലായില്ല. 10 പാട്ടും അതിലെ ബി ജി എമ്മിനും വേണ്ടി വല്ലാതെ കഷ്ട്ടപെട്ടു. എന്നിട്ടും സിനിമ വാർക്കാവതിരുന്നത് നിരാശ സമ്മാനിച്ചു, ‘ അനിരുദ്ധ് പറഞ്ഞു. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അതേസമയം, ലോകേഷ് കനകരാജ് സംവിധാനത്തിൽ ഒരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയാണ് അനിരുദ്ധിന്റെ വരാനിരിക്കുന്ന സിനിമ. സിനിമ മുഴുവൻ കണ്ടുവെന്നും ഗംഭീരമാണെന്നും അനിരുദ്ധ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അനിരുദ്ധ് എക്‌സിൽ ഇമോജി ഇട്ട സിനിമകളെല്ലാം വൻ ഹിറ്റായിരിക്കുമെന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചുള്ള അനിരുദ്ധിന്റെ റിലീസിന് മുന്‍പുള്ള റിവ്യൂ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്.