ഉണ്ണി മുകുന്ദനും വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് കഴിഞ്ഞ ദിവസമായിരുന്നു ഫെഫ്ക അറിയിച്ചത്. എന്നാല്‍ ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിപിന്‍ കുമാറിനെതിരെ ഫെഫ്ക ഇപ്പോള്‍ നടപടിയെടുത്തിരിക്കുകയാണ്.
ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണജനകമായ വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞുവെന്നും ഇത് ധാരണലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഫെഫ്ക അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്ന വിപിന്‍ കുമാറിന്റെ അവകാശവാദം ശരിയല്ലെന്നും ഫെഫ്ക വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. വിപിനുമായി യാതൊരു രീതിയിലും സഹകരിക്കില്ലെന്നും ഫെഫ്ക അറിയിച്ചിട്ടുണ്ട്.
ഫെഫ്ക പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം
‘അമ്മയുടെ ഓഫീസില്‍ വെച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങള്‍ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ക്ക് വിപരീതമായി വിപിന്‍ ഒരു മാധ്യമത്തിനു ഫോണിലൂടെ ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ ഇന്ന് നല്‍കിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞു എന്ന വിപിന്‍കുമാറിന്റെ അവകാശവാദം ശരിയല്ല. വിപിന്‍ ധാരണാലംഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലാ എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു’. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്ന പരാതിയുമായി മുന്‍ മാനേജറായ വി വിപിന്‍ കുമാറായിരുന്നു ആദ്യം രംഗത്തെത്തിയത്. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ആയിരുന്നു എന്നാണ് വിപിന്‍റെ പരാതിയില്‍ പറയുന്നത്.
എന്നാല്‍ ശാരീരികമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ കുമാര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി. വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണല്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇരുവരും പരസ്പരം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് ഫെഫ്ക അറിയിക്കുകയായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിപിന്‍ കുമാര്‍ തന്‍റെ മാനേജരല്ലെന്ന ഉണ്ണി മുകുന്ദന്‍റെ വാദം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ തര്‍ക്കം പരിഹരിക്കപ്പെട്ടു എന്നാണ് ഏവരും കരുതിയത്. എന്നാല്‍ ഇപ്പോള്‍ വിപിന്‍ കുമാറിനെതിരെ ഫെഫ്ക രംഗത്തുവന്നതോടെ പ്രശ്‌നങ്ങള്‍ വീണ്ടും ശക്തമായേക്കാം എന്നാണ് പുറത്തുവരുന്ന സൂചനകള്‍.