അനുവാദമില്ലാതെ അപകീർത്തി വരും വിധം സിനിമയിൽ ഫോട്ടോ ഉപയോഗിച്ചെന്ന പരാതിയിൽ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ 1,68,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ചാലക്കുടി മുൻസിഫ് കോടതിയാണ് 1,00,000 രൂപ പരാതിക്കായിരിക്കും 68,000 രൂപ കോടതി നടത്തിപ്പിനുമായി പിഴ ചുമത്തിയത്. ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിൻസി ഫ്രാൻസിസിന്റെ പരാതിയിൽ ആണ് കോടതി നടപടിയെടുത്തത്.
ആൻറണി പെരുമ്പാവൂർ നിർമിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ ‘ഒപ്പം’ സിനിമയിൽ പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ അനുമതിയില്ലാതെ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. സിനിമയുടെ 29ാം മിനിറ്റിൽ പൊലീസ് ക്രൈം ഫയൽ മറിക്കുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്റെ ഫോട്ടോ ഉപയോഗിച്ചത്.
ബ്ലോഗിൽനിന്ന് ഡൗൺലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. 2017ൽ ചാലക്കുടി കോടതിയിൽ പരാതി നൽകുകയായിരുന്നു.