ജീത്തു ജോസഫിന്റെ സംവിധാനത്തിൽ നിലവിൽ തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3 യ്ക്ക് മുന്നേ അജയ് ദേവ്ഗണിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യില്ല. ഒറിജിനൽ പതിപ്പിന്റെ ചിത്രീകരണവും റിലീസും കഴിയാതെ റീമേക്കുകളുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലുള്ള പ്രമേയങ്ങളും റിലീസ് ചെയ്യാൻ പാടില്ലെന്ന നിബന്ധനയിൽ ആശിർവാദ് സിനിമാസും ജീത്തു ജോസഫും ഹിന്ദി നിർമ്മാതാക്കൾക്ക് നിർദേശം നൽകിയെന്നാണ് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ 2 ന് അജയ് ദേവ് ഗണിന്റെ ദൃശ്യം 3 യുടെ അനൗൺസ്‌മെന്റ് ടീസർ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ടീസർ ആരാധകരിലേക്ക് എത്തിയില്ല.
എന്ത്കൊണ്ട് വൈകുന്നുവെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ആന്റണി പെരുമ്പാവൂരും കൂട്ടരും ഹിന്ദി ദൃശ്യം 3 യുടെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസിന് നൽകിയ പണിയെ നോർത്ത് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മലയാള സിനിമയുടെ പെരുമ ലോകമെങ്ങുമെത്തിച്ച ദൃശ്യം(2013) നിലവിൽ തമിഴ്, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് എന്നിങ്ങനെ 6 ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ തുടർച്ചയായി മോഹൻലാലും, ജീത്തു ജോസഫും വീണ്ടും ഒന്നിച്ച ദൃശ്യം 2 ഒടിടിയിലായിരുന്നു റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണങ്ങളായിരുന്നു രണ്ടാം ഭാഗത്തിനും ലഭിച്ചത്.
ചിത്രത്തിന് ഒരു 3 ഭാഗം ഉണ്ടാവുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത് മുതൽ ആരാധകർ ആകാംഷയിലായിരുന്നു. എന്നാൽ ചിത്രത്തിനൊപ്പം ഹിന്ദി, തെലുങ്ക് പതിപ്പുകളും ഒരേ സമയം ഷൂട്ട് ചെയ്യുമെന്നും ഒരുമിച്ചാണ് റിലീസ് എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഒരുമുഴം മുൻപേ ഹിന്ദി പതിപ്പ് എത്തിക്കാനായി പനോരമ സ്റ്റുഡിയോസ് പരമാവധി ശ്രമിച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സെപ്റ്റംബർ 22 ന് ജീത്തു ജോസഫിന്റെ നേതൃത്വത്തിൽ ദൃശ്യം 3 യുടെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങിൽ ദൃശ്യം പരമ്പര 3 ഭാഗങ്ങളിൽ അവസാനിക്കില്ല എന്നും ഒരു 4 ആം ഭാഗവും പ്രതീക്ഷിക്കാം എന്നും ചില താരങ്ങളും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സൂചന നൽകിയിരുന്നു. ചിത്രം 2026 ആദ്യ പാദത്തിൽ തിയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.