നടൻ സൂര്യയും നടി നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സീനി’ന്റെ പ്രീ-റിലീസ് ചടങ്ങിൽ കൗതുകമുണർത്തുന്ന വെളിപ്പെടുത്തലുമായി സൂര്യ. നസ്രിയയോടൊപ്പം അഭിനയിക്കാൻ തനിക്ക് ഏറെക്കാലമായി ആഗ്രഹമുണ്ടായിരുന്നെന്നും, ഇതിനായി മൂന്ന് തവണ സമീപിച്ചെങ്കിലും താരം ഓരോ തവണയും ക്ഷണം നിരസിക്കുകയായിരുന്നുവെന്നും സൂര്യ പറഞ്ഞു. എന്നാൽ നാലാമത്തെ ശ്രമത്തിൽ നസ്രിയ തന്റെ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായെന്നും ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സൂര്യ കൂട്ടിച്ചേർത്തു.
‘എനിക്ക് എപ്പോഴും നസ്രിയയ്ക്കൊപ്പം ജോലി ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. മൂന്നുതവണ ഞങ്ങൾ ചോദിച്ചു. മൂന്നുതവണയും അവർ അത് നിരസിച്ചു. നാലാം തവണയും നസ്രിയയെ സിനിമയിലേക്ക് ക്ഷണിച്ചു. ഇത്തവണ നസ്രിയ സിനിമയ്ക്കായുള്ള ക്ഷണം നിരസിച്ചില്ല. നിരവധി സംവിധായകരോടും നടന്മാരോടും നസ്രിയ നോ പറഞ്ഞിട്ടുണ്ടാകും. ഒടുവിൽ എന്റെ സിനിമയ്ക്ക് യെസ് പറഞ്ഞതിന് നന്ദി. തമാശകൾ മാറ്റിനിർത്തിയാൽ, നസ്രിയയിലെ അഭിനേതാവിനെ എനിക്ക് ഏറെ ഇഷ്ടമാണ്. നസ്രിയയുടെ ആത്മവിശ്വാസത്തേയും കൃത്യതയേയും എനിക്ക് ഇഷ്ടമാണ്.
സീനുകൾക്ക് മുൻപ് നസ്രിയ അത് പഠിക്കുന്നതും ആ അർപ്പണബോധത്തെയും എനിക്ക് ഇഷ്ടമാണ്. നസ്രിയ ഒരു നാച്ച്വറൽ സ്റ്റാറാണ്. ‘സീനി’ലെ മായ എന്ന കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട് അവർ. സിനിമ കണ്ടാൽ അത് നിങ്ങൾക്ക് മനസ്സിലാകും. ഒപ്പം സിനിമയിലെ ഫൈറ്റ് സീനുകൾക്ക് നസ്രിയ എടുത്ത അധ്വാനം അത് എടുത്തുപറയേണ്ടത്. സിനിമയിലെത്തി ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും നസ്രിയയിൽ ആ എനർജിയുണ്ട്’, സൂര്യ പറയുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. നസ്ലനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആക്ഷൻ, കോമഡി, ത്രില്ലർ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ചിത്രം നവംബർ ആറിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. സൂര്യയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.




