Chithrabhoomi

“അടുത്തിടെ കണ്ടതിൽ ഏറ്റവും ആസ്വദിച്ച സ്ത്രീ കഥാപാത്രം”; മമിതയുടെ പ്രകടനത്തെ പ്രശംസിച്ച് മേഘ്ന

സിനിമാ വിശേഷങ്ങളും കേരളത്തോടുള്ള തന്റെ സ്നേഹവും തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. താൻ അടുത്തിടെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങളിലൊന്നാണ് ‘വിശ്വനാഥ് ആൻഡ് സൺസി’ൽ മമിത അവതരിപ്പിച്ചതെന്ന് മേഘ്ന പറഞ്ഞു. തികച്ചും പുതുമയുള്ള ആ കഥാപാത്രത്തെ മമിത വളരെ മനോഹരമായി അവതരിപ്പിച്ചുവെന്നും, ആ പ്രകടനത്തിന് പ്രത്യേകമായൊരു ഊർജമുണ്ടായിരുന്നുവെന്നും നടി പ്രശംസിച്ചു. സിനിമ എക്സ്പ്രസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“എനിക്ക് ‘വിശ്വനാഥ് ആൻഡ് സൺസി’ൽ മമിത അവതരിപ്പിച്ച കഥാപാത്രം ഒരുപാട് ഇഷ്ടമായി. വളരെ പുതുമയുള്ള കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്ന് അറിയില്ല. കാരണം അതിന് മമിതയ്ക്ക് മാത്രമുള്ളൊരു പ്രത്യേക ഊർജമുണ്ടെന്ന് തോന്നുന്നു. വളരെ നന്നായിട്ടാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒട്ടും ബോറടിപ്പിക്കാതെ ആ കഥാപാത്രത്തെ കൊണ്ടുപോയി. വലിയൊരു പശ്ചാത്തലമൊന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമായിരുന്നു അത്. അടുത്തിടെ കണ്ടതിൽ ഞാൻ ഏറ്റവും ആസ്വദിച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണത്”.- മേഘന രാജ് പറഞ്ഞു.

ബെംഗളൂരുവാണോ കേരളമാണോ തന്റെ ആദ്യത്തെ വീടെന്ന് പലപ്പോഴും തനിക്ക് സംശയം തോന്നാറുണ്ടെന്ന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെ മേഘ്ന വ്യക്തമാക്കി. “എനിക്ക് കേരളവുമായി ഭയങ്കര ബന്ധമാണ്. ബംഗളൂരുവാണോ കേരളമാണോ എന്റെ ആദ്യത്തെ വീടെന്ന് എപ്പോഴും ഒരു ഡൗട്ടാണ്. അത്രത്തോളം കണക്ഷൻ എനിക്ക് കേരളവുമായുണ്ട്. പ്രൊഫഷണലായി എനിക്ക് ഒരു പേര് ലഭിച്ചത് മേഘന രാജ് എന്ന നിലയിൽ കേരളത്തിലൂടെയാണ്. അവിടുത്തെ സിനിമാ മേഖലയിൽ നിന്നും ആളുകളിൽ നിന്നും ഒരുപാട് സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് കേരളത്തോട് വലിയ ഇഷ്ടമാണ്”.- മേഘ്ന പറഞ്ഞു. മലയാളം സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ടെങ്കിലും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും മേഘന കൂട്ടിച്ചേർത്തു. കേരളത്തിലെ ആളുകളെയും ഇവിടുത്തെ ഭക്ഷണത്തെയും ഒരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button