Celebrity

‘മഹാനടിക്ക് ശേഷം എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഡൊറോത്തിയിലേത്…പക്ഷേ’; കീർത്തി സുരേഷ്

മഹാനടിക്ക് ശേഷം തനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഡൊറോത്തിയിലേതെന്ന് തുറന്നു പറഞ്ഞ് കീർത്തി സുരേഷ്. തന്റെ ചില സുഹൃത്തുകൾക്ക് സിനിമ ഇഷ്ടപ്പെട്ടെങ്കിലും ക്ലൈമാക്സ് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു. തനിക്കതിൽ കുഴപ്പമൊന്നുമില്ലെന്നും സിനിമയെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്നും അതുതന്നെയായിരുന്നു തങ്ങൾ ലക്ഷ്യമിട്ടിരുന്നതെന്നും നടി പറഞ്ഞു. കീർത്തിയുടെ ‘അക്ക’ എന്ന പുതിയ വെബ് സീരീസുമായ് ബന്ധപ്പെട്ട് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

‘മഹാനടിക്ക് ശേഷം എനിക്കേറ്റവും പ്രിയപ്പെട്ടതും സവിശേഷവുമായ വേഷമാണിതെന്ന് തോന്നുന്നു. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതൊരു യഥാർത്ഥ മാറ്റത്തിന് വഴിയൊരുക്കുന്ന സിനിമയായതുകൊണ്ട്, ഇതിന്റെ ഭാഗമാകാൻ സാധിച്ചത് വളരെ അർത്ഥവത്തായ കാര്യമാണ്. ഒരു തമിഴ് സിനിമയിൽ നമ്മൾ LGBTQ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു, സമീപഭാവിയിലൊന്നും ഇങ്ങനെയൊന്ന് കാണാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല’, കീർത്തി പറഞ്ഞു.

‘ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ ചിത്രം ശരിക്കും കാണുകയും അത് മനസിലാക്കുകയും ചെയ്തവർക്ക് ഞാൻ ഈ സിനിമയുടെ ആത്മാവാണെന്ന് തിരിച്ചറിയാൻ സാധിക്കും. എങ്കിലും ഇതൊരു ‘എക്സ്റ്റൻഡഡ് കാമിയോ’ ആണെന്ന് പറയാം. ഏകദേശം ആറോ ഏഴോ ദിവസമാണ് ഞാൻ ഈ സിനിമയ്ക്കായി പ്രവർത്തിച്ചത്. എന്നാൽ ചിത്രീകരണ സമയത്ത് അതൊരു മാജിക്കൽ അനുഭവമായിരുന്നു. പലരും എന്നോട് ഈ ആറേഴ് ദിവസം കൊണ്ട് നിനക്കെന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിച്ചിരുന്നു. ഞാൻ അവരോട് പറഞ്ഞത് ഇത് ആറേഴ് ദിവസത്തിന്റെ കാര്യമല്ല മറിച്ച് സംസാരിക്കപ്പെടേണ്ട ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു ഭാഗമാകുക എന്നതാണെന്ന്’, കീർത്തി കൂട്ടിച്ചേർത്തു. അതേസമയം, കീർത്തിയുടെ ‘അക്ക’ എന്ന പുതിയ വെബ് സീരീസ് ഒക്ടോബർ 30 മുതൽ നെറ്റ്ഫ്ലിക്സിൽ സ്‌ട്രീമിംഗ്‌ ആരംഭിക്കും. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ രാധിക ആപ്‌തെയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ രണ്ട് സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button