മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ് ഡൊമിനിക് അരുൺ ചിത്രം ലോക. 275 കോടി രൂപ ആഗോളതലത്തിൽ കളക്ഷൻ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബൽ ഇനി ലോകയ്ക്ക് സ്വന്തം. നീലിയും, ചാത്തനും, മാടനും, മറുതയുമായി ലോക സിനിമയുടെ കഥ അങ്ങനെ നീണ്ടു കിടക്കുകയാണ്. മലയാള സിനിമ ഇന്ന് വരെ കാണാത്ത താരത്തിലൊരു ഫാന്റസി ആയാണ് ലോക ഒരുങ്ങിയത്. എന്നാൽ ലോക ഇറങ്ങും മുൻപ് ഒരു പാട്ടിലൂടെ നീരജ് മാധവ് നമ്മളെ ഇവരെയൊക്കെ പരിചയപ്പെടുത്തിയിട്ടുണ്ട്.
പണിപാളി എന്ന നീരജ് മാധവിന്റെ റാപ്പ് സോങ്ങിന്റെ രണ്ടാം ഭാഗത്തിലാണ് ലോക സിനിമയുടെ കഥ പറയുന്ന രീതിയിൽ വരികൾ ഉള്ളത്. ഈ പാട്ടിലെ ഭാഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അങ്ങനെ വരുമ്പോൾ ലോക യൂണിവേഴ്‌സ് തുടങ്ങിവെച്ചത് നീരജ് മാധവ് അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ലോകയുടെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.