മലയാള സിനിമയിൽ വേറിട്ട പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിനയന്റെ പുതിയ 3D ഫാന്റസി ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ മൂന്നോ നാലോ ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ ലോഞ്ച് നവംബറിൽ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുന്നതോടെ നിർവ്വഹിക്കുമെന്ന് സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ദുബായിലെ വ്യവസായ പ്രമുഖൻ ഹാരിസ് കാച്ചൻചേരിയാണ് ചിത്രം നിർമ്മിക്കുന്നത്. ദൃശ്യചാരുതയുടെ പരമാവധി അനുഭവം പ്രേക്ഷകരിലെത്തിക്കാനാണ് ചിത്രം 3D മാധ്യമത്തിൽ ചിത്രീകരിക്കുന്നതെന്ന് വിനയൻ വ്യക്തമാക്കി.
ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങളും കാസ്റ്റിംഗും പൂർത്തിയായി വരുന്നു. ഗിന്നസ് പക്രുവും സാഗർ സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും മലയാളത്തിലെ പ്രമുഖരായ ഇരുപതോളം യുവതാരങ്ങളും അണിനിരക്കുന്നുണ്ട്. കൂറ്റൻ ശിവലിംഗത്തിന്റെ മാതൃകയിലുള്ള സെറ്റിന് മുന്നിൽ നിന്നുള്ള ചിത്രം സംവിധായകൻ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ പ്രൊജക്റ്റായി തിയേറ്ററുകളിലെത്തുന്ന ചിത്രം അടുത്ത വർഷം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ടൈറ്റിൽ ലോഞ്ചിനൊപ്പം ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും.




