വിജയ്യുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘ഖുഷി’. സിനിമ വീണ്ടും തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച സ്വീകരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. മുൻ റീ റിലീസുകളെ പോലെ തന്നെ ഈ വിജയ് ചിത്രവും കൊണ്ടാടുന്ന കാഴ്ചയാണുള്ളത്. സിനിമയിൽ ഒട്ടനവധി ഗാനങ്ങൾ ഉണ്ടെങ്കിലും കട്ടിപുടി കട്ടിപുടി ടാ.. എന്ന ഗാനമാണ് റീലുകളിലും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ആഘോഷിക്കപ്പെടുന്നത്.
ഖുഷിയിലെ ഏറ്റവും വലിയ ഹിറ്റ് ഗാനമാണ് ‘കട്ടിപ്പുടിടാ കട്ടിപ്പുടിടാ’. വിജയ്യും മുംതാജുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദേവ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനും വസുന്ദരാ ദാസും ചേർന്നാണ്. വൈരമുത്തുവാൻ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. തുപ്പാക്കി, ഗില്ലി, സച്ചിൻ തുടങ്ങിയ വിജയ് ചിത്രങ്ങളുടെ റീ റിലീസിന് ശേഷം എത്തുന്ന ചിത്രമാണ് ഖുഷി. ശക്തി ഫിലിം ഫാക്ടറി ആണ് സിനിമ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. 4K ഡോൾബി അറ്റ്മോസിലാണ് ചിത്രം പുറത്തിറങ്ങിയത്. എസ് ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിക ആണ് നായികയായി എത്തിയത്.
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ജീവയാണ്. മുംതാജ്, വിജയകുമാർ, വിവേക്, നിഴൽകൾ രവി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതേസമയം, സച്ചിൻ ആണ് ഏറ്റവും ഒടുവിലായി റീ റിലീസ് ചെയ്ത വിജയ് ചിത്രം. വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. 11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിൻ നേടിയത്. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.