പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന സ്പിരിറ്റ് എന്ന ചിത്രത്തിലെ പുതിയ നായികയെ പ്രഖ്യാപിച്ചു. തൃപ്തി ഡിമ്രി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.9 ഭാഷകളിൽ നടിയുടെ പേര് എഴുതിയ പോസ്റ്ററുമായാണ് പ്രഖ്യാപനം. തൃപ്തി ഡിമ്രിയും ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ‘ഇപ്പോഴും ഇതെനിക്ക് പൂർണമായി വിശ്വസിക്കാനായിട്ടില്ല. ഈ ഒരു യാത്രയിൽ എന്നെയും വിശ്വസിച്ച് ഒപ്പം കൂട്ടിയതിന് ഒരുപാട് നന്ദി. താങ്കളുടെ വിഷന്റെ ഭാഗമാകാൻ എനിക്ക് അവസരം നൽകിയതിന് സന്ദീപ് റെഡ്ഡി വാങ്കയോട് ഒരുപാട് നന്ദി,’ തൃപ്തി ഡിമ്രി കുറിച്ചു.
നേരത്തെ ദീപിക പദുക്കോണിനെയായിരുന്നു ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ നടി മുന്നോട്ടുവെച്ച പ്രതിഫലവും മറ്റ് കാര്യങ്ങളും അംഗീകരിക്കാൻ സ്പിരിറ്റ് ടീം തയ്യാറായില്ലെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ. ദീപികയ്ക്ക് പകരം മറ്റൊരു നടിയെ അണിയറ പ്രവർത്തകർ അന്വേഷിക്കുകയാണെന്നും അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു.ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും ദീപിക ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കൂടാതെ താൻ തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് സംവിധായകൻ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സ്പിരിറ്റ് 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും എന്നും സൂചനകളുണ്ട്. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്.അതേസമയം, ഖാലാ, ലൈല മജ്ജു, ബുൾബുൾ എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയായ താരമാണ് തൃപ്തി. സന്ദീപ് റെഡ്ഡി വാങ്കയുടെ തന്നെ അനിമൽ എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് നടി മുഖ്യധാരയിൽ വലിയ തരംഗമായി മാറുന്നത്.