ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒന്നാണ് ‘തുടരും’. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം, രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെ ഈ ചിത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്.ഏപ്രിൽ 25 ന് തിയേറ്ററുകളിൽ എത്തുന്ന സിനിമ കാണാൻ ആരാധകർ അതിരാവിലെ എഴുന്നേറ്റ്
ഉറക്കവുമായി മല്‍പിടുത്തം നടത്തേണ്ട. സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത് രാവിലെ 10 മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ് ക്ലബ് ആണ് പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ഫാൻ ഷോ രാവിലെ ആറ് മണിക്ക് ആരംഭിച്ചിരുന്നു. തുടരും സിനിമയ്ക്ക് ഫാൻ ഷോ ഇല്ലാത്തതിന്‍റെ നിരാശ ചില ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ മലെെക്കോട്ടെ വാലിബന് രാവിലെ ഫാന്‍സ് ഷോ വെച്ചത് അത്ര മികച്ച നീക്കമല്ലായിരുന്നെന്നും അതുകൊണ്ട് തന്നെ തുടരുമിന് സാധാരണ സമയത്ത് തന്നെ ഷോ വെച്ചത് നന്നായെന്നും പറയുന്നവരുമുണ്ട്.
ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.