മാർവെൽ സിനിമാറ്റിക്ക് യുണിവേഴ്‌സിന്റെ ലോകമെങ്ങുമുള്ള ആരാധകർ കാത്തിരിക്കുന്ന ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഇതിന് മുൻപ് റിലീസ് ചെയ്ത 4 ഫന്റാസ്റ്റിക്ക് ഫോർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ചിത്രം 1960 കളിലെ ലോകത്താണ് സംഭവിക്കുന്നത് എന്നതാണ് വലിയ പ്രത്യേകത.
പെഡ്രോ പാസ്‌ക്കൽ, വനേസ കിർബി, ജോസഫ് ക്വിൻ, എബോൺ മോസ് തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ അതിഭീമാകാരനായ വില്ലൻ കഥാപാത്രമായ ഗലാക്റ്റസിനെ അവതരിപ്പിക്കുന്നത് റാൽഫ് ഇനെസൺ ആണ്. ഗലാക്റ്റസിന്റെ ലുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നാല് ബഹിരാകാശ ഗവേഷകർക്ക് മേൽ ഒരിക്കൽ ഗാമ കിരണങ്ങൾ ഏൽക്കുകയും അത്ഭുത ശക്തികൾ കൈവരിക്കുകയും ചെയ്യുന്നു. അവരുടെയും ലോകത്തിന്റെയും സമാധാനം നശിപ്പിക്കാൻ ഒരു വലിയ ആപത്ത് വരാൻ പോകുന്നുവെന്ന് സിൽവർ സൾഫർ എന്ന ഏലിയൻ ഫന്റാസ്റ്റിക്ക് ഫോറിന് മുന്നറിയിപ്പ് കൊടുക്കുന്നതാണ് ട്രെയ്‌ലറിൽ കാണിക്കുന്നത്.
സിൽവർ സൾഫർ എന്ന കഥാപാത്രം ഇത്തവണ സ്ത്രീ രൂപത്തിലാണ് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഡിസ്‌നി, മാർവെ സ്റ്റുഡിയോകൾ പുരോഗമനമെന്ന പേരിൽ അനാവശ്യമായി സ്ത്രാശാക്തീകരണം തങ്ങളുടെ ചിത്രങ്ങളിൽ കുത്തി നിറക്കുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാവാം, ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്ന കഥാപാത്രം സിൽവർ സൾഫർ അല്ല മറ്റൊരു കഥാപാത്രമാണെന്നു അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രം ജൂലൈ 25 ന് റിലീസ് ചെയ്യും.