മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഏപ്രിൽ 25 ന് എത്തിയ സിനിമ ഒരു മാസം പിന്നിട്ടിട്ടും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തിലെ തിയേറ്ററുകൾക്കൊപ്പം അഞ്ചാം വാരാന്ത്യത്തിലെ ഒക്കുപ്പന്‍സിയില്‍ ഞെട്ടിക്കുന്നത് ബെംഗളൂരുവിലെ തിയറ്ററുകള്‍ ആണ്.
30-ാം ദിനമായ ഇന്നലെ ബെംഗളൂരുവില്‍ തുടരും സിനിമയ്ക്ക് ഹൗസ്ഫുള് ഷോകള്‍ ലഭിച്ചിരുന്നു. വരും ദിവസത്തെ ഷോകളില്‍ പലതും ഫാസ്റ്റ് ഫില്ലിംഗ് ആണ്. ഇത് ഷോ ആരംഭിക്കുന്ന സമയത്തേക്ക് ഹൗസ്ഫുള് ആകാനും സാധ്യത ഏറെയാണ്. നിരവധി സിനിമകൾ തിയേറ്ററുകളിൽ ഇതിനോടകം വന്നു പോയിട്ടും തുടരും സിനിമയുടെ സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല എന്ന് കാണിക്കുന്നതാണ് ഈ റിപ്പോർട്ടുകൾ.
അതേസമയം, ചിത്രം കേരളത്തിൽ നിന്ന് ഇതുവരെ 114 കോടി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ് എന്നിവരാണ്.