CelebrityChithrabhoomi

വാടിവാസൽ ഈ വർഷം ആരംഭിക്കും’; ആരാധകർക്ക് ഉറപ്പ് നൽകി സൂര്യ

വെട്രിമാരൻ-സൂര്യ കൂട്ടുകെട്ടിന്റെ വാടിവാസൽ എന്ന സിനിമയ്ക്കായി തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കും എന്ന ചോദ്യം സൂര്യ ആരാധകർ എപ്പോഴും ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ ആ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് സൂര്യ.

ഈ വർഷം തന്നെ വാടിവാസൽ ആരംഭിക്കുമെന്നാണ് സൂര്യ പറഞ്ഞിരിക്കുന്നത്. പുതിയ സിനിമയായ റെട്രോയുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന പരിപാടിക്കിടെയാണ് നടന്റെ പ്രതികരണം.

വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്.

അതേസമയം റെട്രോ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ ജോജു ജോര്‍ജ്, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button