ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്കു ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം ചേർന്ന് തമിഴ് താരം ശിവകർത്തികേയനുമായി കൂടിക്കാഴ്ച നടത്തി. നസ്‌ലൻ, ലുക്മാൻ, സന്ദീപ് പ്രദീപ് , ബേബി ജീൻ, അനഘ രവി എന്നിവരുമായി ശിവകാർത്തികേയൻ നടത്തിയ കൂടിക്കാഴ്ചയും, സിനിമയുടെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം അവർക്കൊപ്പം കാണുന്ന ശിവകാർത്തികേയന്റെ വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ട്രെയ്‌ലർ കണ്ട ശേഷം ചിത്രത്തെ പറ്റി ശിവകാർത്തികേയൻ നല്ല അഭിപ്രായം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാൻ പറ്റും. സിനിമ തയ്യാറാക്കുന്നതിനായെടുത്ത പരിശ്രമം പൂർണ്ണമായും ട്രെയിലറിൽ നിന്നും മനസിലാക്കാൻ കഴിയുമെന്ന് കൂടി ടീമിനോട് ശിവ കാർത്തികേയൻ വ്യക്തമാക്കി. ഏതായാലും ഈ ആഴ്ച റിലീസാകുന്ന ആലപ്പുഴ ജിംഖാന താൻ തീയേറ്ററിൽ പോയി തന്നെ കാണുമെന്നും സിനിമയെ കുറിച്ചുള്ള വിശദമായ അഭിപ്രായം അറിയിക്കുമെന്നുമാണ് ജിംഖാന ടീമിനായി ശിവ കാർത്തികേയൻ നൽകിയിരിക്കുന്ന വാഗ്ദാനം.
ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി U/A സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിന്റെ സിനിമയുടെ ഓൾ കേരള ബുക്കിങ്, ഓൺലൈൻ സൈറ്റുകളിൽ ആരംഭിചിരിക്കുന്നു. മമ്മൂട്ടി ചിത്രമായ ബസൂക്ക, ബേസിൽ ചിത്രമായ മരണമാസ് എന്നിവക്കൊപ്പം ക്ലാഷ് റിലീസയെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണിപ്പോൾ കാണാനാകുന്നത്.