MalayalamNews

ഓണത്തിന് ബിഗ് ബഡ്ജറ്റ് ചിത്രവുമായി ഷെയിൻ നിഗം എത്തും, ‘ബൾട്ടി’ ടൈറ്റിൽ പുറത്ത്

വാശിയേറിയ ഒരു കബഡി മത്സരത്തിന്‍റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയിൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി‘യുടെ ഒഫീഷ്യൽ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി. ഇന്നോളം കാണാത്ത വേഷപ്പകർച്ചയിൽ രൗദ്രഭാവത്തോടെ, ഉദയൻ എന്ന നായകകഥാപാത്രമായാണ് ഷെയിൻ നിഗം എത്തുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം.

കുത്ത് പാട്ടിന്‍റെ അകമ്പടിയോടെ പുറത്തിറങ്ങിയ ഗ്ലിംപ്‌സിന് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് ലഭിച്ചിരിക്കുന്നത്. ഓണത്തിന് പുറത്തിറങ്ങുന്ന ഈ ആഘോഷചിത്രം ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്.

‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ’ബൾട്ടി’യിൽ ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button