മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ‘ഹൃദയപൂർവ്വം’ .സിനിമയിലെ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ ഏറെ കയ്യടികൾ നേടിയിരുന്നു. ഇപ്പോഴിത് സിനിമയെ ക്കുറിച്ച് സത്യൻ അന്തിക്കാടും, സംഗീതും, അഖിൽ സത്യനും സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹൃദയം വെച്ചൊരു പേര് വേണമെന്ന് കരുതിയപ്പോൾ മോഹൻലാൽ തന്നെയാണ് സിനിമയ്ക്ക് ഹൃദയപൂർവ്വം എന്ന പേര് സജസ്റ്റ് ചെയ്തതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
‘മകൾ എന്ന സിനിമയ്ക്ക് ശേഷം അടുത്ത പ്രൊജക്റ്റ് എന്ത് ചെയ്യാം എന്ന് മനസിൽ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ മോഹൻലാലിനെ വല്ലാതെ മിസ് ചെയ്തിരുന്നു. ലാലിൻറെ കുസൃതികളും കുറുമ്പുകളും എല്ലാം. അപ്പോഴാണ് അഖിൽ എന്നെ സോഷ്യൽ മീഡിയയിൽ കണ്ട ഒരു ഫോട്ടോ കാണിക്കുന്നത്. ഇതിൽ ഒരു കഥയുണ്ട് അച്ഛാ എന്ന് അവൻ എന്നോട് പറഞ്ഞു. ലാലിനോട് ഇത് പറഞ്ഞപ്പോൾ തന്നെ വളരെ ഇഷ്ടമായി. കുറച്ച് കഴിഞ്ഞപ്പോൾ ലാൽ എന്നോട് പറഞ്ഞു നമ്മുക്ക് ഈ സിനിമയ്ക്ക് ‘ഹൃദയപൂർവ്വം’ എന്ന് പേര് ഇട്ടാലോ എന്ന്. ഹൃദയം വെച്ചൊരു പേരിനെക്കുറിച്ച് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു,’ സത്യൻ അന്തിക്കാട് പറഞ്ഞു.
2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട് .ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.




