ആർ.ജെ. ബാലാജിയുടെ അടുത്ത ചിത്രത്തിലൂടെ 20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. സൂര്യ 45 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പേര് വെളിപ്പെടുത്തിയിരിക്കുകയാണ്. ‘അഭിമാനത്തോടും ആവേശത്തോടും കൂടി, സൂര്യ 45ന്റെ തലക്കെട്ട് ഞങ്ങൾ അവതരിപ്പിക്കുന്നു: ‘കറുപ്പ്’ -എന്ന് തുടങ്ങുന്ന കുറിപ്പാണ് അണിയറപ്രവർത്തകർ പങ്കു വെച്ചത്. ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയത്.
നിഗൂഢമായ ചുറ്റുപാടുകൾക്ക് നടുവിൽ കൈയിൽ ആയുധവുമായി നിൽക്കുന്ന സൂര്യയുടെ കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തു വന്നത്. സംവിധായകന്‍റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടത്. ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുമെന്നാണ് സൂചന. ‘കറുപ്പ്’ എന്ന തലക്കെട്ട് സാമൂഹിക മാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന ഗൗരവമേറിയ ഒരു കഥയാണ് ചിത്രം അവതരിപ്പിക്കാൻ പോകുന്നത് എന്നതിന്റെ ശക്തമായ സൂചനയാണെന്നാണ് സമൂഹമാധ്യമത്തിൽ പലരും അഭിപ്രായപ്പെടുന്നു.
സൂര്യ, തൃഷ കൃഷ്ണൻ എന്നിവരോടൊപ്പം ശിവദ, സ്വാസിക, യോഗി ബാബു, ഇന്ദ്രൻസ്, നാട്ടി സുബ്രഹ്മണ്യം തുടങ്ങിയവരും അഭിനയിക്കും. സായ് അഭയങ്കറാണ് സംഗീതസംവിധായകൻ. രത്ന കുമാറും ആർ.ജെ. ബാലാജിയും ചേർന്നെഴുതിയ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.