‘ആ താടി തൊട്ടാൽ കൈ ഞാൻ വെട്ടും, ആ തടി അവിടിരുന്നാൽ ആർക്കാ പ്രശ്നം. വെട്ടണെങ്കിൽ ഞാൻ പറയാം’. ഒരു തുറിച്ചു നോട്ടത്തോടെയുള്ള ഭാര്യയുടെ വരവിൽ താടിയിൽ വച്ച കത്രിക ഒന്ന് തലോടി മാറ്റിവെക്കുകയാണ് ഷണ്മുഖൻ. മോഹൻലാലും (Mohanlal) ശോഭനയും (Shobana) കൂടിയുള്ള രംഗമാണ് ടീസറിൽ. ഏപ്രിൽ 25ന് റിലീസ് ചെയ്യുന്ന മോഹൻലാൽ, ശോഭന ചിത്രം ‘തുടരും’ (thudarum) റിലീസ് ടീസർ ഈ ചിത്രം കാത്തിരിക്കുന്നവർക്ക് കൂടുതൽ ആവേശം നൽകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം. രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തുടരും’. 250കോടി ക്ലബ് മറികടന്ന ‘L2 എമ്പുരാൻ’ സിനിമയ്ക്ക് ശേഷം വരുന്ന മോഹൻലാൽ നായകനായ ചിത്രമാണ് ‘തുടരും’. ഈ മാസം 25നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനത്തുന്നത്.
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും അവൻ്റെ ജീവിത സ്വപ്നങ്ങളുമാണ് തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകൻ്റെ എക്കാലത്തേയും ഇഷ്ട ജോഡികളായ മോഹൻലാലും – ശോഭനയും ഏറെ ഇടവേളക്കുശേഷം ഒത്തുചേരുന്നു എന്ന പ്രത്യേകതയുമുണ്ട്. യഥാർത്ഥ ജീവിതത്തിൻ്റെ പച്ചയായ മുഹൂർത്തങ്ങൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.