കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ചിത്രം കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ചിത്രം റിലീസാകാൻ ഇനിയും ഒരു മാസത്തിന് മുകളിൽ സമയമിരിക്കെ ഓവർസീസ് വിതരണവാകാശം വിറ്റിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏകദേശം 81 കോടി രൂപക്കാണ് കൂലി ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ ട്രാക്കർമാരെല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. സിനിമയുടെ തെലുങ്ക് റൈറ്റ്സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി താൻ എത്തുന്നുണ്ടെന്ന് ബോളിവുഡ് താരം ആമീർ ഖാൻ വെളിപ്പെടുത്തിയിരുന്നു.
ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.