തമിഴിലെ മുൻ നിര നായകന്മാരിൽ ഒരാളാണ് രവി മോഹൻ. വിവാഹമോചനവും പേര് മാറ്റലും പിന്നീട് സംവിധാന രംഗത്തേക്കുള്ള പ്രവേശനത്തിന്‍റെ റിപ്പോര്‍ട്ടുകളുമായി അടുത്തിടെ നടൻ സജീവമായി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ നിർമാണ രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുകയാണ് അദ്ദേഹം. രവി മോഹൻ സ്റ്റുഡിയോസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. കമ്പനിയുടെ ലോഞ്ചിന് കമൽ ഹാസനെ ക്ഷണിക്കാനെത്തിയ നടന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പത്രിക നൽകി ഇരുവരും സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായിട്ടുണ്ട്.
ഇന്നാണ് കമ്പിനിയുടെ ഔദ്യോഗിക ലോഞ്ച് നടക്കുന്നത്. നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്നുണ്ട്. ഗംഭീര പരിപാടിയായിരിക്കും നടക്കുക എന്ന് വ്യക്തമാകുന്നതാണ് സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ. അതേസമയം, യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം നടൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരു മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാർത്തകളുണ്ട്. നേരത്തെ തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് രവി മോഹൻ പറഞ്ഞിരുന്നു. ഈ സിനിമയുടെ മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. നടന്‍ അഭിനയിക്കുന്ന കരാട്ടെ ബാബു, പരാശക്തി എന്നിവ പൂർത്തിയാക്കിയ ശേഷമാകും ഈ സിനിമയിലേക്ക് കടക്കുക എന്നാണ് കരുതുന്നത്.
ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയാണ് കരാട്ടെ ബാബു. ശക്തി വാസുദേവൻ നായികയായി എത്തുന്ന ചിത്രത്തില്‍ കെ എസ് രവി കുമാര്‍, വിടിവി ഗണേഷ്സ സുബ്രഹ്‍മണ്യം ശിവ, കവിതാലയാ കൃഷ്‍ണൻ, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യൻ, സന്ദീപ് രാജ്, സിന്ധുപ്രിയ, അജിത്ത് ഘോഷ്, അരവിന്ദ്, കല്‍ക്കി രാജ, ശ്രീ ധന്യ, ആനന്ദി, സാം ആൻഡേഴ്‍സണ്‍ എന്നിവരും ഉണ്ട്. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രവി മോഹനാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ടീസറിലെ രവി മോഹന്റെ ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു.