2019 ൽ സച്ചിയുടെ കഥയിൽ പൃഥ്വിരാജ് നായകനായി നിർമിച്ച ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. ഈ സിനിമയുടെ കഥ തന്റെ ജീവിതത്തിൽ നടന്ന സംഭവമാണെന്നും മമ്മൂക്കയെ വെച്ച് എടുക്കാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസെന്നും പറയുകയാണ് നിർമാതാവ് രഞ്ജിത്. സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടമായിരുനെന്നും എന്നാൽ കൈമാക്സ് അദ്ദേഹത്തിന് ഓക്കേ ആകാത്തതിനാൽ സിനിമ നടന്നില്ലെന്നും രഞ്ജിത് പറഞ്ഞു. തുടരും സിനിമയുടെ ഭാഗമായി കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം.
‘മമ്മൂക്കയോട് ഉള്ള ഇഷ്ടം എപ്പോഴും ഉണ്ട് എനിക്ക്. അങ്ങനെ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. അതാണ് ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ ശരിക്കും അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. സച്ചിയാണല്ലോ എഴുതിയിരിക്കുന്നത്. സച്ചി എന്റെ അടുത്ത സുഹൃത്താണ്. അതിൽ പലരും അറിയാത്ത കാര്യമുണ്ട്. യഥാർത്ഥത്തിൽ ആ സിനിമയുടെ കഥ എന്റേതാണ്, ഞാൻ ലൈസെൻസ് എടുത്ത കഥയാണ്. വളരെ രസകരമായ കഥയാണ്. ഒരു സൗഹൃദ സംഭാഷണത്തിൽ ഞാൻ സച്ചിയോട് ഈ കഥ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇതിൽ സിനിമയ്ക്ക് ഉള്ള കഥയുണ്ടെന്ന് അവനാണ് പറഞ്ഞത്. ഇവിടെ വണ്ടി ഭ്രാന്തുള്ള മമ്മൂക്കയുടെ ലൈസൻസ് കളഞ്ഞു പോയി വണ്ടി ഓടിക്കാൻ കഴിയാതാവുന്ന അവസ്ഥ ആലോചിച്ച് നോക്കൂ എന്ന് സച്ചി പറഞ്ഞു. പിന്നീട് അത് അങ്ങോട്ട് പോയി.
ലാലേട്ടനും സിദ്ധിഖ് ലാലുമായി ഒരു സൗഹൃദ സംഭാഷണത്തിൽ ഈ കഥ പറഞ്ഞു. അപ്പോൾ സച്ചി എന്നോട് പറഞ്ഞു ഈ കഥ അവർക്ക് വേണമെന്ന് പറയുന്നുണ്ടെന്ന്. അങ്ങനെ കഥ അവിടെ ചർച്ച നടന്നു. കഥ എഴുതി അതിന്റെ കൈമാക്സ് മാത്രമായില്ല. മമ്മൂക്ക കഥ കേട്ട് പുള്ളി ഓക്കേ പറഞ്ഞിരുന്നു. പക്ഷെ പിന്നീട് കൈമാക്സ് പുള്ളിക്ക് ഓക്കേ ആയില്ല. പിന്നെ എന്ത്കൊണ്ടോ ആ സിനിമ നടക്കാതെ പോയി,’ രഞ്ജിത് പറഞ്ഞു.