ജോജി, പ്രേമലു, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഇവരുടേതായി അവസാനം പുറത്തിറങ്ങിയ ഗിരീഷ് എ ഡി ചിത്രം ‘പ്രേമലു’ ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഇനി പുറത്തിറങ്ങാനുള്ള സിനിമകളുടെ അപ്ഡേറ്റ് നൽകുകയാണ് നടനും സംവിധായകനായുമായ ദിലീഷ് പോത്തൻ. പ്രേമലുവിന്റെ രണ്ടാം ഭാഗമായ ‘പ്രേമലു 2’, ഫഹദ് ഫാസിൽ നായകനായി എത്തുന്ന ‘കരാട്ടെ ചന്ദ്രൻ’, ഗിരീഷ് എ ഡി ചിത്രം എന്നിവയാണ് ഇനി ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങാനുള്ള സിനിമകൾ. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രേമലു 2 വൈകുമെന്ന അപ്‌ഡേറ്റും ദിലീഷ് പോത്തൻ പങ്കുവെച്ചു. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചിത്രം വൈകുമെന്നാണ് അദ്ദേഹം സില്ലിമോങ്ക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘പ്രേമലു 2 എന്തായാലും വൈകും. അതാണ് സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. ചിത്രം ഉറപ്പിക്കാറായിട്ടില്ല, ചില സാങ്കേതിക തടസ്സങ്ങൾ അതിലുണ്ട്. കരാട്ടെ ചന്ദ്രൻ ഈ വർഷം അവസാനത്തോടെ ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. അതിനെല്ലാം മുൻപ് ഭാവന സ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഒരു സിനിമ വരും. അതിന്റെ അനൗൺസ്‌മെന്റ് വൈകാതെ വരും’, ദിലീഷ് പോത്തൻ പറഞ്ഞു. ഫഹദ് ഫാസിലിനെ നായകനാക്കി റോയ് സംവിധാനം ചെയ്യുന്ന സിനിമയാണ് കരാട്ടെ ചന്ദ്രൻ. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിൽ അസ്സോസിയേറ്റ് സംവിധായകന്‍ ആയും ജോജിയിൽ കോ ഡയറക്ടർ ആയും പ്രവർത്തിച്ച ആളാണ് റോയ്. എസ് ഹരീഷും വിനോയ് തോമസും ചേർന്ന് തിരക്കഥ രചിക്കുന്ന സിനിമയാണ് കരാട്ടെ ചന്ദ്രന്‍. അതേസമയം, പ്രേമലു 2 വിന് മുൻപായി ഗിരീഷ് എ ഡി ഒരുക്കുന്ന സിനിമയിൽ നിവിൻ പോളിയാണ് നായകനെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.