ഉയർച്ച താഴ്ചകൾ എല്ലാ കാലത്തും സിനിമ ഇൻഡസ്ട്രിയിൽ സ്ഥിരമായി നടക്കുന്ന കാര്യമാണ്. ഇപ്പോള്‍ ബോളിവുഡിനും ടോളിവുഡിനും അത്ര നല്ല സമയമല്ലെന്നാണ് ചിലരുടെ വാദം. ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ ഉണ്ടായിരുന്ന ബോളിവുഡിൽ നിന്ന് ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് ഒരു ഹിറ്റ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ തെലുങ്ക് ഇൻഡസ്ട്രിയും വലിയ രീതിയുള്ള പ്രതിസന്ധി നേരിടാൻ പോകുന്നുവെന്ന് പറയുകയാണ് നാഗാർജുന. കുബേര സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
എല്ലാ താരങ്ങളുടെയും എല്ലാ സംവിധായകരുടെയും എല്ലാ സിനിമകളും വിജയിക്കില്ലല്ലോ, അങ്ങനെ ചില പരാജയങ്ങള്‍ സംഭവിച്ചപ്പോള്‍ ഇന്‍ഡസ്ട്രി പരാജയപ്പെടുകയാണെന്ന് ചിലര്‍ പറയാൻ തുടങ്ങി. എന്റെ അനുഭവത്തിൽ, തെലുങ്ക് സിനിമാ വ്യവസായം മൂന്ന് തവണ മാന്ദ്യത്തിലൂടെ കടന്നുപോയി. നാലാമത്തേത് വരാനിരിക്കുന്നു എന്ന് തോന്നുന്നു. എനിക്ക് അതിനെക്കുറിച്ച് അറിയാം. കുറച്ചു കാലത്തേക്ക് പ്രധാന റിലീസുകളൊന്നും ഇല്ലാതിരിക്കുകയും റിലീസ് ചെയ്യുന്ന സിനിമകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. അത്തരമൊരു പ്രതിസന്ധി വീണ്ടും വരാനിരിക്കുന്നുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിനെ കുറിച്ചുള്ള ശക്തമായ സൂചനകളുണ്ട്,’ നാഗാർജുന പറഞ്ഞു.
അതേസമയം, നാഗാർജുന, ധനുഷ്, രശ്‌മിക തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന കുബേര റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 20-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. മേഡ് ഇൻ ഹെവൻ’, ‘സഞ്ജു’, ‘പദ്മാവത്’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.