സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്‌സിൻ്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമാണ് ജാംബി. മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഗംഭീര വിഷ്വൽ ട്രീറ്റ് ആകും ജാംബി എന്ന സൂചനയാണ് ടീസർ നൽകുന്നത്. ത്രില്ലും ഭയവും ഒരുപോലെ ഇടകലർത്തി അവതരിപ്പിക്കുന്ന ടീസർ പ്രതീക്ഷ നൽകുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ഇതേ യൂണിവേഴ്സിലെ ചിത്രമായ ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ അവസാനം പോസ്റ്റ് ക്രെഡിറ്റ് സീനായി ഈ ടീസർ നേരത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രം 2026 ൽ റിലീസ് ചെയ്യും. ജോർജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ആണെന്നാണ് സൂചന. “ദി അൺഡെഡ് ഹാവ് എ സ്റ്റോറി ടു ടെൽ” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.
നന്ദു മനോജ്, ഹരികൃഷ്ണൻ കെ ആർ, സംവിധായകൻ ജോർജ് കോര എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. തോൽവി എഫ് സി, തിരികെ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ സിനിമകളുടെ തിരക്കഥയൊരുക്കിയത് ജോർജ് കോര ആണ്. തോൽവി എഫ് സിയും തിരികെയും സംവിധാനം ചെയ്തതും ജോർജ് കോരയാണ്. വീക്കെൻഡ് സിനിമാറ്റിക് യുണിവേഴ്സിലെ രണ്ടാം ചിത്രമായ ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണം നേടിയ സിനിമ കേരള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ നാല് കോടിയോളം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ജാംബി രചിച്ചു സംവിധാനം ചെയ്തത്. ടൊവിനോ തോമസ് നായകനായ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളിയിൽ ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിട്ടാണ് ഈ ചിത്രങ്ങൾ ഒരുങ്ങുന്നത്.