മോഹൻലാൽ നായകനായ പുതിയ ചിത്രം തുടരും ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററിൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ പ്രധാനപ്പെട്ട ചില രംഗങ്ങളും ലൂസിഫറിലെ ചില രംഗങ്ങളും തമ്മിൽ താരതമ്യം ചെയ്ത് മോഹൻലാൽ എന്ന അഭിനേതാവിന്റെ മികവ് എന്തെന്ന് പറയുകയാണ് ആരാധകർ.
തുടരും എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ പ്രകാശ് വർമ്മയെ മോഹൻലാൽ തീക്ഷ്ണതയോടെ നോക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ടുണ്ട്. ‘ഇതെന്റെ കഥയാടാ.. ഈ കഥയിലെ ഹീറോ ഈ ജോർജ് സാറാടാ.. ഓർക്കാൻ പോലും നീ ഈ കഥയിൽ ബാക്കി ഉണ്ടാവില്ല..’ എന്ന് പ്രകാശ് വർമ്മയുടെ കഥാപാത്രം പറയുന്നതിന് പിന്നാലെയാണ് മോഹൻലാലിന്റെ തീക്ഷ്ണമായ നോട്ടം. ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളി മയിൽവാഹനത്തെ നോക്കുന്ന ക്ലോസ് അപ്പ് ഷോട്ടുമായാണ് ആരാധകർ ഈ രംഗത്തെ താരതമ്യം ചെയ്യുന്നത്.
‘ഫാന്‍ബോയ്സ്’ ആയ രണ്ട് സംവിധായകർ ഒരുക്കിയ മാജിക്ക് എന്നാണ് ഈ രംഗങ്ങളെ സോഷ്യൽ മീഡിയയിൽ പലരും വിശേഷിപ്പിക്കുന്നത്. ഈ രംഗങ്ങളിൽ എതിരെ നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ഡയലോഗുകൾ ഉള്ളപ്പോൾ മോഹൻലാൽ തന്റെ കണ്ണുകൾ കൊണ്ടാണ് അതിന് മറുപടി നൽകുന്നത്. ‘കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടൻ എന്ന് മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്’ എന്ന് ഒരു ആരാധകൻ പറയുന്നു. അതുപോലെ തുടരുമിലെ പൊലീസ് സ്റ്റേഷൻ സീനിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഈ രംഗത്തിൽ തന്റെ പ്രതിയോഗിയോട് ‘നിന്റെയൊക്കെ കൂട്ടത്തോട് പോയി പറ ഒറ്റയാൻ വീണ്ടും കാട് കയറിയിട്ടുണ്ടെന്ന്’ എന്ന് പറയുന്ന നിമിഷത്തില്‍ മോഹൻലാലിന്റെ മുഖഭാവവും ലൂസിഫറിൽ ‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന ഡയലോഗ് പറയുമ്പോഴുള്ള മുഖഭാവവും തമ്മിലും താരതമ്യം നടക്കുന്നുണ്ട്. ഈ രംഗങ്ങളിൽ കണ്ണുകളിൽ കാണാൻ കഴിയുന്ന തീവ്രത മാത്രം മതി മോഹൻലാൽ എന്ന അഭിനേതാവിനെ വിലയിരുത്താൻ എന്ന് ആരാധകർ പറയുന്നു.