മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’ വ്യാഴാഴ്ച പുറത്തിറങ്ങും. കാത്തിരിപ്പിന് ആവേശം വര്‍ധിപ്പിച്ച് റിലീസിന് മണിക്കൂറുകള്‍ക്ക് മുൻപ് ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയ്‌ലർ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസറാണ് റിലീസിന് തൊട്ടുമുൻപായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഇപ്പോഴിതാ ബസൂക്കയ്ക്ക് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മോഹൻലാൽ. പ്രീ റിലീസ് ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ‘ഇച്ചാക്കയ്ക്ക്’ ആശംസകള്‍ നേര്‍ന്നത്. ‘ബെസ്റ്റ് വിഷസ് ഡിയര്‍ ഇച്ചാക്ക ആന്‍ഡ് ടീം’, എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ടീസർ ഷെയർ ചെയ്തിരിക്കുന്നത്. എംപുരാന്‍ പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ചിത്രത്തിന് ആശംസയുമായി മമ്മൂട്ടിയും എത്തിയിരുന്നു.
പൃഥ്വിരാജും ‘ബസൂക്ക’ പ്രീ റിലീസ് ടീസർ പങ്കുവെച്ച് ആശംസ നേര്‍ന്നിട്ടുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസും ചേർന്നാണ് ‘ബസൂക്ക’ നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.