മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹേഷ് നാരായണൻ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. ശ്രീലങ്കയിലെ സിനിമയിലെ രണ്ടാം ഷെഡ്യൂൾ ആണെന്നും പത്ത് ദിവസം അവിടെ ചിത്രീകരണം ഉണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ ഉൾപ്പെടുന്ന സീനുകളുടെ ചിത്രീകരണം ആകും നടക്കുക. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്കയ്ക്ക് പുറമെ ലണ്ടന്‍, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.