മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘ബസൂക്ക’ (Bazooka). മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ കാലം ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്.
ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും എന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗെയിമിന്റെ ത്രില്ലർ സ്വഭാവം ചിത്രത്തിലുടനീളം നിലനിർത്തിയാണ് അവതരണം.
എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറാണ് ബസൂക്ക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.