സിനിമയിൽ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത് മെറിറ്റടിസ്ഥാനത്തിലെന്ന നിലപാടുമായി അഭിനേതാക്കളുടെ സംഘടന ‘അമ്മ’. മാർക്കറ്റ് വാല്യൂ അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം നിശ്ചയിക്കുക. സിനിമയിലെ നഷ്ട കണക്ക് പുറത്തു വിടുന്നതിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ വിശദീകരണത്തിന് പിന്നാലെയാണ് അമ്മ സംഘടനയുടെ പ്രതികരണം. താരങ്ങളുടെ പ്രതിഫലത്തിനാനുപാദികമായി തീയറ്റർ ഗ്രോസ് കളക്ഷൻ പോലും ചിത്രങ്ങൾക്ക് ലഭിക്കുന്നില്ല, കോവിഡാനന്തരം ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ലാഭമുണ്ടാക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ വിശദീകരണ കത്ത്.
സിനിമയിലെ കളക്ഷൻ കണക്കുകൾ പുറത്ത് വിടുന്നതിനെതിരെ സംഘടനയിലെ ഒരു വിഭാഗവും അമ്മയും എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ വിശദീകരണം. താരങ്ങളുടെ മാർക്കറ്റ് വാല്യൂ ആണ് പ്രതിഫലം നിശ്ചയിക്കുന്നത്. വ്യക്തിപരമായ മെറിറ്റാണ് വൻ പ്രതിഫലം നൽകേണ്ടി വരുന്ന സാഹചര്യമുണ്ടാക്കുന്നതെന്നും അഭിനേതാക്കളുടെ സംഘടന അമ്മ വ്യക്തമാക്കി.
കാലങ്ങളായി അഭിനയ രംഗത്തുള്ളവർ പ്രതിഫലം കൂട്ടി വാങ്ങുന്നത് സ്വഭാവികമെന്നും അഡ്ഹോക് കമ്മിറ്റിയായതിനാൽ വിഷയം ജനറൽ ബോഡി യോഗത്തിലായിരിക്കും ചർച്ചയാകുകയെന്നും അമ്മ അഡ്ഹോക് കമ്മിറ്റി ഭാരവാഹി വിനു മോഹൻ വ്യക്തമാക്കി. പ്രതിഫലത്തിലെ വിട്ടു വീഴ്ച അമ്മ സംഘടനയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.