മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ജീത്തു ജോസഫ് സംവിധാനത്തിലെത്തുന്ന ദൃശ്യം 3 യും മഹേഷ് നാരായണൻ സംവിധാനത്തിൽ എത്തുന്ന പാട്രിയറ്റ് എന്ന സിനിമയും. ഇരു ചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ലൊക്കേഷൻ ചിത്രങ്ങൾ എന്ന രീതിയിൽ സിനിമകളുടേതായി ലീക്കായ സ്റ്റില്ലുകൾ എന്ന വ്യാജേന പ്രചരിക്കുന്ന ഫോട്ടോകൾ എഐ നിർമിത ചിത്രങ്ങളാണ്. ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാണ് ശരിക്കും ഒരു ചിത്രം പുറത്തിറങ്ങിയാൽ വിശ്വസിക്കുക എന്നാണ് ആരാധകർ ചോദിക്കുന്നത്. ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ദൃശ്യം 3 യുടെ സെറ്റിൽ വെച്ച് സിനിമയുടെ അണിയറപ്രവർത്തകർ ആദരിച്ചിരുന്നു.
ഈ ഫോട്ടോകളിൽ മോഹൻലാൽ ധരിച്ചിരുന്ന ഡിസൈനിലുള്ള ഷർട്ടും മുണ്ടും കൃത്രിമമായി അനുകരിച്ചാണ് AI ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങളിൽ ഒന്നും മോഹൻലാലിൻറെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നില്ല. അതുപോലെ മോഹൻലാലിന് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ നടനെ അഭിനന്ദിച്ച് കൊണ്ട് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് അതെ പടി അനുകരിച്ചുകൊണ്ട് മറ്റൊരു ചിത്രം പ്രചരിക്കുന്നത്. ഇവയെല്ലാം തന്നെ എഐ നിർമിത ചിത്രങ്ങളാണ്. അതേസമയം, മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി.
ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉൾപ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മൂന്നാം ഭാഗത്തിനും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പാട്രിയറ്റ്’. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.