Malayalam

അംഗീകാരങ്ങൾ നേടി കൊങ്കണി സിനിമ ‘തര്‍പ്പണ’

മല്‍ഷി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വീണ ദേവണ്ണ നായക് നിര്‍മ്മിച്ച് ദേവദാസ് നായക് സംവിധാനം ചെയ്യുന്ന കൊങ്കണി ചലചിത്രമാണ് ‘തര്‍പ്പണ’. ബി.ഇ. ബിരുദധാരിയായ ദേവദാസ് തന്നെയാണ് ‘തര്‍പ്പണ’യുടെ കഥ, തിരക്കഥ, സംഭാഷണം, ഗാന രചന, എഡിറ്റിംഗ് എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത്. യു.എസ്.എ. യില്‍ നിന്നും സഞ്ജയ് സാവ്കര്‍, എ.സ്സ്. രാംനാഥ് നായക്, മുംബൈയില്‍ നിന്നും അനുജ് നായക്, എ.സ്സ്. രഘുനാഥ് നായക്, ബംഗളൂരുവില്‍ നിന്നും മീര നായമ്പള്ളി, എ.സ്സ്. സുധാ നായക്, മംഗളൂരുവില്‍ നിന്നും മധുര ഷെണായി, എ.സ്സ്. സുവിധ നായക്, കര്‍ണാടകയിലെ മുല്‍കിയില്‍ നിന്നും ജയപ്രകാശ് ഭട്ട്, എ.എസ്. ജെ.പി. തുടങ്ങി ഇരുപതിലധികം കലാകാരന്മാർ ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്.

ഒട്ടേറെ പുരസ്‌കാരങ്ങളും നിരൂപക പ്രശംസയും നേടിയ, അനുരഞ്ജനത്തിന്റെയും ഖേദത്തിന്റെയും കഥ പറയുന്ന കുടുംബത്തോടൊപ്പം ഇരുന്ന് കാണേണ്ട ഒരു കൊങ്കണി സിനിമയാണ് ‘തര്‍പ്പണ’. അച്ഛനും മകനും തമ്മിലുള്ള ശക്തമായ ബന്ധം അത് ഒരു ദൗര്‍ഭാഗ്യകരമായ സംഭവത്താല്‍ തകരുകയും കുടുംബത്തില്‍ സംഘര്‍ഷം തുടങ്ങുകയും സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്നു. അത് പിന്നീട് ഒരു പോരാട്ടമായി മാറുകയും അതിനു ശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ‘തര്‍പ്പണ’ത്തിലൂടെ ദൃശ്യവൽക്കരിക്കുന്നത്. ദേവദാസ് തന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘തര്‍പ്പണ’യ്ക്ക് മുമ്പ്, നിരവധി ഹ്രസ്വചിത്രങ്ങളിലും ഒരു കന്നഡ സിനിമയിലും പ്രവര്‍ത്തിച്ചു കൊണ്ടാണ് ഈ മേഖലയിലെത്തുന്നത്.

നിലവില്‍, അദ്ദേഹം തന്റെ അടുത്ത സംരംഭമായ ഒരു കന്നഡ സിനിമ സംവിധാനം ചെയ്യുന്നതിലുള്ള ഒരുക്കത്തിലാണ്. പതിനഞ്ച് ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. യുഎസ്എ, കാനഡ, തായ്‌ലന്‍ഡ്, മുംബൈ, പൂനെ, ഹൈദരാബാദ്, ബംഗളൂരു കൂടാതെ കോസ്റ്റല്‍ കര്‍ണാടകയുടെ പല ഭാഗങ്ങളിലുമുള്ള തീയറ്ററുകളിലായി ‘തര്‍പ്പണ’ത്തിന്റെ തൊണ്ണൂറിലധികം പ്രദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. കേരളത്തിലെ ആദ്യ പ്രദര്‍ശനം ആഗസ്റ്റ് ആദ്യം സാരസ്വത് ചേംബർ, എറണാകുളം ഷേണായീസ് തിയേറ്ററിൽ പ്രദര്‍ശിച്ചപ്പോൾ പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. കഥ,തിരക്കഥ, സംഭാഷണം, ഗാന രചന,എഡിറ്റിംഗ്, സംവിധാനം-ദേവദാസ് നായക്,ഡയറക്ഷന്‍ ടീം- ട്രിക്കോ, രഘുനാഥ് ഭട്ട്, നവനീത്, സുബ്രഹ്മണ്യ, ഛായാഗ്രഹണം- മഹേഷ് ഡി പൈ, സംഗീതം- കാര്‍ത്തിക് മുല്‍ക്കി, നിര്‍മ്മാതാവ്- വീണ ദേവണ്ണ നായക്, മല്‍ഷി പിക്‌ചേഴ്‌സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button