Malayalam

പ്രതികരണങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി; കളങ്കാവൽ നാളെ തിയേറ്ററുകളിലേക്ക്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമ നാളെ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ സിനിമ തിയേറ്ററുകളിൽ എത്തിയ ശേഷം പ്രേക്ഷകരുടെ പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുകയാണെന്ന് പറയുകയാണ് മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് നടന്റെ പ്രതികരണം.’നാളെമുതൽ കളങ്കാവൽ നിങ്ങൾക്ക് ഉള്ളതാണ്. ഈ ചിത്രത്തിലൂടെ ജിതിൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹം, തന്റെ ടീമിനൊപ്പം അവിസ്മരണീയമായ ഒരു ചിത്രം നിങ്ങൾക്ക് സമ്മാനിക്കാൻ ഹൃദയവും ആത്മാവും അർപ്പിച്ചിരിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും സിനിമ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നു,’ മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സ്പോട്ടിഫൈ പ്ലാറ്റ്ഫോമിലൂടെ ഓഡിയോ ജൂക്ബോക്സ് ആയി പുറത്തു വന്നിരുന്നു. മുജീബ് മജീദ് സംഗീതം ഗാനങ്ങൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിലെ റെട്രോ തമിഴ് ശൈലിയിൽ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുമുണ്ട്. ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ കഥ പശ്‌ചാത്തലവുമായി ഏറെ ബന്ധപെട്ടു കിടക്കുന്ന രീതിയിലാണ് ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രെയ്‌ലർ എന്നിവയെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button