സുരേഷ് ഗോപി നായകനാകുന്ന ജെസ്‌കെ: ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. റിവൈസിങ് കമ്മിറ്റിയും പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയും ഇതോടെ ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 27 ലെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നാണ് വിവിധ സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും. ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നല്‍കുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം അനൗദ്യോഗികമായി അറിയിച്ചുവെന്നാണ് അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കളായ കോസ്മോസ് എന്‍റര്‍ടെയ്ന്‍മെന്‍റസ് കഴിഞ്ഞ ദിവസം ഹെെക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് കോടതി വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായാണ് റിവെെസിങ് കമ്മിറ്റി സിനിമ വീണ്ടും കാണുമെന്ന് ബോര്‍ഡ് അറിയിച്ചത്. ഇപ്പോള്‍ റിവെെസിങ് കമ്മിറ്റിയും പേരുമാറ്റം ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കോടതിയുടെ ഇനിയുള്ള ഇടപെടല്‍ നിര്‍ണായകമാകും.
പേര് മാറ്റില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഏകദേശം 92 ഇടങ്ങളില്‍ ജാനകി എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്.
സിനിമയുടെ പേരും കേന്ദ്രകഥാപാത്രത്തിന്റെ പേരും മാറ്റുമ്പോള്‍ ചിത്രം പൂര്‍ണമായും റീ ഡബ്ബ് ചെയ്യേണ്ടി വരുമെന്നതും അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ 80 ലക്ഷം രൂപയിലേറെ നഷ്ടം ഇതിനകം ഉണ്ടായെന്നും നിര്‍മാതാക്കള്‍ ഹരജിയില്‍ അറിയിച്ചിരുന്നു. സിനിമയുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. രൂക്ഷ പ്രതികരണവുായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മറ്റ് നിരവധി പേരും സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.