‘ലോക ചാപ്റ്റർ 1: ചന്ദ്ര’ തിയേറ്ററുകളിൽ വലിയ തരംഗമായി മാറിയതിൻ്റെ സന്തോഷം പങ്കുവെച്ച് ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ ദുൽഖർ സൽമാൻ. ഈ വലിയ വിജയത്തിന് പിന്നിലെ ശക്തി താനല്ലെന്നും, ഇത് മുഴുവൻ സിനിമയുടെ ടീമിൻ്റെ കഠിനാധ്വാനമാണെന്നും അദ്ദേഹം പറഞ്ഞു. “ഞാനൊരു ലക്കി നിർമ്മാതാവ് മാത്രം,” കഴിഞ്ഞ ദിവസം നടന്ന വിജയാഘോഷ ചടങ്ങിൽ ദുൽഖർ കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സാണ് ‘ലോക’. കല്യാണി പ്രിയദർശൻ ചിത്രത്തിൽ ‘ചന്ദ്ര’ എന്ന സൂപ്പർഹീറോയെ അവതരിപ്പിക്കുന്നു.
നസ്ലെൻ്റെ ‘സണ്ണി’ എന്ന കഥാപാത്രവും ചിത്രത്തിൽ ശ്രദ്ധേയമാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ഈ ഫാന്റസി ചിത്രം റിലീസ് ദിവസം മുതൽ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.
സിനിമയെ ‘മലയാളത്തിൻ്റെ മാർവൽ’ എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. കല്യാണി പ്രിയദർശൻ്റെ മികച്ച പ്രകടനവും, മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ചിത്രത്തിന് വലിയ ആകർഷണമായി മാറിയിട്ടുണ്ട്. ഒന്നിലധികം ഭാഗങ്ങളുള്ള ‘ലോക’ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കേരളത്തിൽ വേഫെറർ ഫിലിംസ് വിതരണത്തിനെത്തിച്ച ഈ ചിത്രം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വലിയ റിലീസാണ് നേടിയത്. തമിഴിൽ എജിഎസ് സിനിമാസും, തെലുങ്കിൽ സിതാര എന്റർടൈൻമെന്റ്സും, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസും, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ ഫിലിംസും ചിത്രം വിതരണം ചെയ്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്ത ‘ലോക’ തെന്നിന്ത്യയിലെ എല്ലാ പ്രധാന സ്ക്രീനുകളിലും പ്രദർശനത്തിനെത്തി.