ദുൽഖർ സൽമാനും ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഐ ആം ഗെയിം. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയിമിന് വലിയ ഹൈപ്പുമുണ്ട്. ഇപ്പോഴിതാ പൂജയോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാണ്. ദുൽഖർ ഇപ്പോൾ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. ഈ സിനിമയുടെ ഷെഡ്യൂൾ അവസാനിച്ച ശേഷം ഐ ആം ഗെയിം എന്ന ചിത്രത്തിന്റെ സെറ്റിൽ നടൻ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
മിസ്റ്ററി-ആക്ഷൻ-ഫാന്റസി ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നഹാസ് പറഞ്ഞത്. ‘കുറച്ചധികം ജോണറുകൾ മിക്സ് ചെയ്താണ് സിനിമ കഥ പറയുന്നത്. പ്രേക്ഷകർ ഇപ്പോൾ റോഷാക്ക് പോലുള്ള വ്യത്യസ്തങ്ങളായ സിനിമകൾ തിയേറ്ററുകളിൽ സ്വീകരിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ ധൈര്യവും,’ എന്നും നഹാസ് വ്യക്തമാക്കിയിരുന്നു. ദുൽഖർ സൽമാനെ എങ്ങനെ കാണുവാനാണ് ആരാധകർ ആഗ്രഹിക്കുന്നത്, അത്തരമൊരു സിനിമയായിരിക്കും ഐ ആം ഗെയിം എന്നായിരുന്നു റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംഗീത സംവിധായകൻ ജേക്സ് ബിജോയ് വ്യക്തമാക്കിയത്. ‘ഒരു സ്പോർട്സ്-ആക്ഷൻ-ഫാന്റസി ചിത്രമാണ്. നഹാസ് ഒരു സിനിമയ്ക്ക് എടുക്കുന്ന പ്രയത്നം നിസ്സാരമല്ല.
സ്ക്രിപ്റ്റ്, പാട്ട്, പോസ്റ്റർ എല്ലാത്തിലും അദ്ദേഹം എടുക്കുന്ന പ്രയത്നത്തിൽ ഞാൻ വിശ്വസിക്കുന്നു. അതുപോലെ ഡിക്യുവിനെ എങ്ങനെയാണോ കാണാൻ ആളുകൾ ആഗ്രഹിക്കുന്നത്, അത്തരത്തിൽ ഒരു സിനിമയായിരിക്കും ഐ ആം ഗെയിം. ഈ സിനിമയിൽ മാസ് മൊമെന്റ്‌സ് ഒക്കെ ഉണ്ടാകും. നല്ലൊരു ഡെപ്ത്തുള്ള കഥയുണ്ട്. ഒരു എന്റർടെയ്നിങ് സിനിമയായിരിക്കും,’ എന്നും ജേക്സ് പറഞ്ഞിരുന്നു. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.