ജോജു ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’യിലെ നൂറോളം കഥാപാത്രങ്ങളെയും ഓരോന്നായി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍. ഇതിന്റെ ഭാഗമായി ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. അജയന് അടാട്ട് അവതരിപ്പിക്കുന്ന സുകു എന്ന കഥാപാത്രത്തെയാണ് ആദ്യമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നൂറോളം പുതുമുഖങ്ങള്‍ ക്യാരക്ടര്‍ റോളുകളില്‍ അഭിനയിക്കുന്നു എന്നത് വലിയ പ്രത്യേകതയാണ്. ഡിസംബറില്‍ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയിലെ നൂറോളം പുതുമുഖങ്ങളും നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലന പരിപാടിക്ക് ശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സംഭാഷണങ്ങളുള്ള കഥാപാത്രങ്ങളായാണ് ഓരോരുത്തരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്രയും വലിയൊരു പുതുമുഖ നിരയെ അണിനിരത്തി ഒരുങ്ങുന്ന സിനിമയില്‍ ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടമുണ്ടെന്ന സൂചനയാണ് ക്യാരക്ടര്‍ പോസ്റ്ററുകളിലൂടെ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ജോജു ജോര്‍ജിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’ക്ക് ശേഷം എത്തുന്ന രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘പരിപാടി’. ‘പണി’യുടെ അതേ സ്വഭാവത്തിലുള്ള സിനിമയാണെങ്കിലും കൂടുതല്‍ വിപുലമായ കാന്‍വാസിലും വലിയ താരനിരയിലുമാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകരും ഈ പ്രോജക്ടിന്റെ ഭാഗമാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ മലയാളത്തില്‍ ആദ്യമായി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. മനു ആന്റണി ചിത്രസംയോജനവും അജയന് അടാട്ട് സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.
2024ല്‍ പുറത്തിറങ്ങിയ ‘പണി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണവും ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. അതിന് പിന്നാലെ ജോജു ജോര്‍ജ് ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ‘പരിപാടി’ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘മാളികപ്പുറം’, ‘2018’, ‘രേഖാചിത്രം’, ‘ആട് 3’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വിജയങ്ങള്‍ സ്വന്തമാക്കിയ കാവ്യ ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ആഗോള റിലീസിനെത്തുന്നത്. നൂറോളം കഥാപാത്രങ്ങളെ ഒന്നൊന്നായി പരിചയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററുകള്‍ വരും ദിവസങ്ങളില്‍ സിനിമയെക്കുറിച്ചുള്ള ആകാംക്ഷ കൂടുതല്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാന്‍ ശങ്കര്‍ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈന്‍ : അജയന് അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍ : സാബു മോഹന്‍, സംഘട്ടനം : അന്‍പറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- ജയന് നമ്പ്യാര്‍, നിര്‍മ്മാണ ഏകോപനം : ഗോപകുമാര്‍ ജികെ, നിര്‍മ്മാണ നിര്‍വ്വഹണം : വര്‍ക്കി ജോര്‍ജ്, നിര്‍മാണ നിയന്ത്രണം : ദീപക് പരമേശ്വരന്, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീര്‍ ശാം, രൂപപരിവര്‍ത്തന ചമയം : എന്‍ ജി റോഷന്, വിഎഫ്എക്സ് : ലിറ്റില്‍ ഹിപ്പോ, മുഖ്യ സഹസംവിധായകര്‍: രനിത്ത് രവീന്ദ്രന്, മന്‍സൂര്‍ റഷീദ്, സഹസംവിധായകന്: രമേശ് ഗിരിജ, സംവിധാന സഹായികള്‍ : ആദര്‍ശ് ബി നായര്‍, എം.എസ് ജയ്, യദുകൃഷ്ണ ഷാലി, മനു ദിനേശ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍: ഷിനു പോള്‍, പരസ്യകല : സര്‍ക്കാസനം, പിആര്‍ഒ & മാര്‍ക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.




