തിയേറ്റർ റിലീസിന് ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സിനിമയുടെ വ്യാജ പതിപ്പ് പുറത്തു ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ വ്യാജ പതിപ്പുകളുമായി പാകിസ്ഥാൻ വെബ്സൈറ്റ് ഇന്ത്യയിൽ സജീവമായിരിക്കുകയാണ്. തിയേറ്ററിൽ പ്രദർശനം തുടരുന്ന മലയാള ചിത്രങ്ങളായ ലോക, ഹൃദയപൂർവ്വം തുടങ്ങിയ സിനിമകളും കോളിവുഡ്, ബോളിവുഡ്, ഹോളിവുഡിലെ പുത്തൻ ചിത്രങ്ങളും പാക് സൈറ്റിൽ ഉണ്ട്. സിനിമകളുടെ വ്യാജ പതിപ്പുകൾ മികച്ച ക്വാളിറ്റിയിലാണ് ഈ വെബ്‌സൈറ്റുകളിൽ ലഭ്യമാകുന്നത്.
ആർക്കും സൗജന്യമായി കാണാൻ കഴിയും വിധമാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഗൂഗിളിൽ ഡോട്ട് കോം എന്ന ഡൊമൈനിൽ കവർ ചിത്രമടക്കം ഓരോ സിനിമകളുടെയും വിവരങ്ങൾ കാണാം. തുടർന്ന് സൈറ്റ് അഡ്രസ് പരിശോധിച്ചാൽ അത് ഡോട്ട് പി കെ (.pk) എന്നതിലേക്ക് മാറും. ഈ വെബ്‌സൈറ്റിൽ ഭാഷകൾ തരം തിരിച്ച് നൂറുകണക്കിന് പുതിയ സിനിമകളുടെ വ്യാജ പതിപ്പുകളുണ്ട്. ടെലിഗ്രാം വഴിയാണ് വെബ്സൈറ്റിൻ്റെ ലിങ്ക് വ്യാപകമായി പ്രചരിപ്പിക്കുന്നത് എന്നാണ് വിവരം.
ലോകയുടെ മലയാളം പതിപ്പ് കൂടാതെ തമിഴ്, ഹിന്ദി വ്യാജ പതിപ്പുകളും സൈറ്റിൽ ഉണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മദ്രാസി സിനിമയുടെ അടക്കം വ്യാജൻ സൈറ്റിൽ ഉണ്ട്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമകളുടെ വ്യാജപതിപ്പുകൾ ഇത്തരത്തിൽ പ്രചരിക്കുന്നത് സിനിമയുടെ ബിസിനസ്സിനെയും നിർമ്മാതാക്കൾക്കും ഉണ്ടാകുന്ന നഷ്ടം വലുതാണ്.