നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മന്ത്രി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടന് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചത്.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുമെന്ന സംഘപരിവാര്‍ ഭീഷണി ഈ നാടിനോടു തന്നെയുള്ള വെല്ലുവിളിയാണെന്നും കത്തി കാട്ടി കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം;
കത്തി കാട്ടി ഭീഷണിപ്പെടുത്തി നിശബ്ദരാക്കി കളയാം എന്നത് മൗഢ്യമാണ്… എമ്പുരാന്‍ സിനിമക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കും ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും ശേഷം സംഘപരിവാരം സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടാന്‍ തുടങ്ങി എന്നാണ് മനസ്സിലാക്കേണ്ടത്.
സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫീസുകളിലും വീട്ടിലുമുള്ള ഇ ഡി റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം ഇപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജിനെയാണവര്‍ നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പ് നോട്ടീസ് അയച്ച വാര്‍ത്തകളാണ് പുറത്തു വരുന്നത്.