സെൽവമണി സെൽവരാജിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം കാന്തയുടെ ടീസർ നാളെ റിലീസ് ചെയ്യും. ടീസർ റിലീസിനോടനുബന്ധിച്ച പ്രത്യേക അനൗൺസ്‌മെന്റ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. വിഡിയോയിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ ശ്രമിക്കുന്ന ദുൽഖർ സൽമാനെയാണ് കാണിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്, ഇതിന് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. 1950 കളിലെ മദ്രാസിൽ നടക്കുന്ന കഥയാണ് കാന്ത പറയുന്നതിനാൽ മുഴുനീള ചിത്രവും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാവാൻ സാധ്യതയുണ്ട്.
തെന്നിന്ത്യയിലെ ആദ്യ സൂപ്പർസ്റ്റാർ ആയ M. K. ത്യാഗരാജ ഭാഗവതരുടെ ബയോപിക്ക് ആണ് കാന്ത എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കിൽ മഹാനടിക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും വിന്റജ് കാലഘട്ടത്തിലെ ഒരു സിനിമ നടനായി വീണ്ടും അഭിനയിക്കുന്ന ചിത്രമാകും കാന്ത. ദുൽഖർ സൽമാനൊപ്പം റാണാ ദഗുബട്ടി, ഭാഗ്യശ്രീ ബോസ്, സമുദ്രകനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും റാണ ദഗുബട്ടിയും ചേർന്നാണ് ചിത്രം കാന്ത നിർമ്മിക്കുന്നത്. ഡാനി സാലോ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന കാന്തയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ആദർശ് റാവുവാണ്.