Tamil

‘കൂലി’ വിസിലടിച്ച് കാണാവുന്ന പടം, ലോകേഷ് എന്നെ അവതരിപ്പിച്ച രീതിയിൽ അത്ഭുതപ്പെട്ടുപോയി: നാഗാർജുന

രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കൂലി’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കൂലി ഒരുങ്ങുന്നത്. ഇപ്പോഴിതാ കൂലിയെക്കുറിച്ച് നടൻ നാഗാർജുന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിസിലടിച്ച് ആസ്വദിച്ച് കാണാവുന്ന ഒരു സിനിമയാകും കൂലിയെന്നാണ് നാഗാർജുന ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

‘കൂലിയിൽ ലോകേഷ് കനകരാജ് എന്നെ അവതരിപ്പിച്ച രീതി കണ്ടിട്ട് ഇത് ഞാൻ തന്നെ ആണോ എന്ന് പോലും ചിന്തിച്ചുപോയി. മുഴുവനും വിസിലടിച്ച് കൊണ്ട് കാണാവുന്ന തരത്തിലുള്ള സിനിമയാകും കൂലി’, നാഗാർജുന പറഞ്ഞു. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താൻ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയായതിനാൽ കഥ പോലും കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ വ്യക്തമാക്കി. സൂമിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം 80 കോടിക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാകും ഇത്. അതേസമയം, സിനിമയുടെ തെലുങ്ക് റൈറ്റ്സ് 60 കോടി രൂപക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button